കൊച്ചി: നെട്ടൂരില്‍ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ അര്‍ജുനെ പ്രതി നിപിന്‍ പലതവണ പരസ്യമായി വെല്ലുവിളിച്ചിരുന്നുവെന്ന് അര്‍ജുന്‍റെ പിതാവ്. നിപിനും പ്രായപൂർത്തിയാകാത്ത സുഹൃത്തും ചേർന്നാണ് രണ്ടാം തീയതി രാത്രി അർജുനെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു. നിപിന്‍റെ സഹോദരനും അർജുന്റെ സുഹൃത്തുമായ എബിൻ ഒരു വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ അപകടത്തിൽ അർജുനും ഗുരുതരമായി പരിക്കേറ്റിരുന്നു. സഹോദരന്‍റെ മരണത്തിന് കാരണം അര്‍ജുനാണെന്ന് ആരോപിച്ച് നിപിനും സംഘവും അര്‍ജുനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുകൾ പറഞ്ഞു.
അർജുനെ കാണാതായി രണ്ടു ദിവസം കഴിഞ്ഞ ശേഷം സുഹൃത്തുക്കൾ നിപിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്ത് കൊലപാതകത്തിലേക്ക് നയിക്കുന്ന വിവരങ്ങൾ ചോദിച്ചറിഞ്ഞതിനെ തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രാത്രി തന്നെ അർജുൻ തങ്ങളുടെ അടുത്തുനിന്ന് പോയെന്നായിരുന്നു കസ്റ്റഡിയിലായ അഞ്ച് പേരും പൊലീസില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ അർജുന്‍റെ മൊബൈൽ ഫോണുമായി പല സ്ഥലങ്ങളിൽ സഞ്ചരിച്ച് പ്രതികൾ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. പ്രതികൾ കുറ്റസമ്മതം നടത്തിയാതായും പൊലീസ് അറിയിച്ചു. ജൂലായ് 2 ന് രാത്രി തന്നെ അർജുനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും.