കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു. തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലാണ് ഗ്ലൈഡർ തകർന്ന് വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലെഫ്ന്‍റനറ്റ് രാജീവ് ഝാ (39) നാവികൻ സുനില്‍ കുമാർ (29) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് രാജീവ്. സുനില്‍ കുമാർ ബിഹാർ സ്വദേശിയും.
രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനിടെ നിയന്ത്രണം വിട്ട ഗ്ലൈഡർ നിലം പതിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.
അപകടം നടന്ന സമയത്ത് പ്രദേശത്ത് ആളുകളില്ലാത്തതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞു. വിമാന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു നാവികസേന ഉദ്യോഗസ്ഥർ. രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ചെറു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ഉടൻ നാവികസേന ആശുപത്രിയായ സഞ്‌ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശീലന പറക്കലിനായി ഉപയോഗിക്കുന്ന ചെറിയ വിമാനമാണ് ഗ്ലൈഡർ എയർക്രാഫ്റ്റ്. എല്ലാ ദിവസവും ഗ്ലൈഡർ പരിശീലന പറക്കൽ നടത്താറുണ്ട്. സാങ്കേതിക തകരാറായിരിക്കാം അപകട കാരണമെന്നാണ് നിഗമനം. അന്വേഷണത്തിന് ശേഷമേ അപകട കാരണം വ്യക്തമാകൂവെന്ന് നേവി അറിയിച്ചു. നാവിക സേന ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. പറന്നുയർന്ന ഗ്ലൈഡർ വൈകാതെ തന്നെ തകർന്നു വീഴുകയായിരുന്നു. ഗ്ലൈഡറിന്‍റെ അവശിഷ്ടങ്ങൾ അപകട സ്ഥലത്ത് നിന്നും നേവി ആസ്ഥാനത്തേക്ക് മാറ്റി.