എറണാകുളം : കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ മരിച്ച സംഭവത്തില്‍ പ്രതി സൈജുവിന്‍റെ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസ്. യുവതികളടക്കം 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സൈജു തങ്കച്ചന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ ഇവരില്‍ പലരുടേയും ഫോണ്‍ ഓഫാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള നീക്കം തുടരുകയാണ്.
രണ്ട് തവണയായി ഏഴ് ദിവസം സൈജുവിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് വിവിധയിടങ്ങളില്‍ നടന്ന പാര്‍ട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് സൈജു മൊഴി നല്‍കിയത്. വാഗമൺ ലഹരിക്കേസിലെ പ്രതിയോടൊപ്പമുള്ള ചിത്രവും എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ ഇയാള്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു.
Read More: Miss Kerala death case: മിസ് കേരളയുടെ മരണം; സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകൾ
എറണാകുളം ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷനുകളിലും ഇടുക്കിയിലെ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലുമായി ഒമ്പത് ലഹരി കേസുകള്‍ സൈജുവിനെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങുക, ഉപയോഗിക്കുക, കൈമാറുക തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തത്.
നേരത്തെ ദുരുദ്ദേശത്തോടെ സ്‌ത്രീകളെ പിന്തുടർന്നതിനും, മനപൂർവമല്ലാത്ത നരഹത്യയ്ക്കും, വാഹനാപകടത്തിന് കാരണക്കാരനായതിനുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തായിരുന്നു സൈജുവിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ സൈജു ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.