കൊച്ചി: കൊച്ചി മെട്രോ മഹാരാജാസ് കോളജ് മുതൽ തൈക്കുടം വരെയുള്ള പാതയിൽ നടത്തിയ സുരക്ഷാ പരിശോധന വിജയകരം. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായാണ് ഏഴംഗ വിദഗ്ദ്ധസംഘം അന്തിമ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയത്. മഹാരാജാസ് കോളജ് മുതൽ തെക്കുടം വരെ അഞ്ചര കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോ രണ്ടാം ഘട്ട യാത്ര സർവീസ് ആരംഭിക്കുന്നത്. മൂന്നാം തിയതി മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാജാസ് മുതൽ തൈക്കുടം വരെ യാത്ര ചെയ്ത് കൊച്ചി മെട്രോ രണ്ടാം ഘട്ട സർവീസ് ഉദ്ഘാടനം ചെയ്യും. നാലാം തിയതി ബുധനാഴ്‌ച മുതലാണ് യാത്രാ സർവീസുകൾ ആരംഭിക്കുക.
എറണാകുളം സൗത്ത് റെയിൽവേ ട്രാക്കിന് മുകളിലൂടെ കടന്ന് പോകുന്ന മെട്രോ ഏറെ പ്രത്യേകതകളുള്ള കാന്‍ഡിലിവർ പാലത്തിലൂടെയും കടന്ന് പോകും. മഹാരാജാസ് കോളജ് മുതൽ തെക്കുടം വരെ എറണാകുളം സൗത്ത്, കടവന്ത്ര, എളങ്കുളം, വൈറ്റില, തെക്കുടം തുടങ്ങിയ സ്റ്റേഷനുകളാണ് ഉള്ളത്. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മഹാരാജാസ് മുതൽ തെക്കുടം വരെയുള്ള തൂണുകൾ, ഗർഡറുകൾ, സ്റ്റേഷനുകൾ എന്നിവയിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. പരിശോധനാഫലം തൃപ്തികരമാണെന്ന് സേഫ്റ്റി കമ്മീഷണർ കെഎംആർഎല്ലിനെ അറിയിച്ചു. രണ്ട് മാസത്തിലേറെ നീണ്ട പരീക്ഷ ഓട്ടത്തിന് ശേഷമാണ് അന്തിമ സുരക്ഷാ പരിശോധന നടത്തിയത്. നിലവിൽ ആലുവ മുതൽ മഹാരാജാസ് വരെ സർവീസ് നടത്തുന്ന കൊച്ചി മെട്രോ തെക്കുടം വരെ യാത്ര നീട്ടുന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഈ ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന കെഎംആര്‍എല്ലിന്‍റെ തീരുമാനം കൂടിയാണ് പ്രാവര്‍ത്തികമാകുന്നത്.