എറണാകുളം: രാജനഗരിയിലേക്കുളള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന് തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കാണ് എസ്.എൻ ജംഗ്ഷനിൽ നിന്ന് ട്രയൽ റൺ നടത്തുന്നത്. sn junction - thripunithura kochi metro
എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 1.18 കിലോമീറ്റർ നിർമ്മാണമാണ് നിലവിൽ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയൽ റൺ ഉടൻ ആരംഭിക്കും.
എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള പരീക്ഷണയോട്ടം ഇന്ന് രാത്രി 11.30ന് ആരംഭിക്കും. റെയിൽവേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായത്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 മീറ്റർ മേഖലയിലാണ്.
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. 1.35 ലക്ഷം ചതുരശ്ര അടിയിൽ വിസ്തീർണ്ണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.