എറണാകുളം: കൊച്ചി മെട്രോ പിറന്നാൾ നിറവിൽ. കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മെട്രോ നാടിന് സമർപ്പിച്ചിട്ട് ജൂൺ പതിനേഴിന് ആറ് വർഷം തികയുകയാണ്. ആറാം വാർഷികത്തോടനുബന്ധിച്ചും കേരള മെട്രോ റെയിൽ ദിനാചരണത്തിന്‍റെയും ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷ പരിപാടികളും ഓഫറുകളും ഒരുക്കുകയാണ് കെഎംആർഎൽ.
കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ ഇന്ന് (10.6.2023) മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ യാത്രക്കാർക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം.
അതേസമയം ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണന്ന് കെഎംആർഎൽ വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്. മെയ് മാസത്തിൽ ദിവസേന ശരാശരി 98,766 ആളുകൾ യാത്ര ചെയ്‌തു.
മെയ് മാസത്തിൽ 12 ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്. കൂടാതെ 13 ദിവസം തൊണ്ണൂറ്റി അയ്യായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തിട്ടുണ്ട്. വിവിധ ഓഫറുകളും യാത്ര പാസുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍.
ഈ മാസം 11 മുതൽ 17-ാം തിയതി വരെ ആലുവ, കളമശ്ശേരി, പാലാരിവട്ടം, കലൂർ, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രദർശന-വിൽപ്പന മേള നടക്കും. റസിഡന്‍റ്‌സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്കും കൊച്ചി മെട്രോയുടെ പിറന്നാളാഘോഷങ്ങളിൽ പങ്കാളികളാകുന്നുണ്ട്. വാർഷിക ദിനമായ ജൂൺ 17 ന് എഡ്രാക്കിന്‍റെ നേതൃത്വത്തിൽ കലൂർ മെട്രോ സ്റ്റേഷനിൽ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന- വിൽപ്പന മേള ഒരുക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഭാരത് പെട്രോളിയത്തിന്‍റെ സഹകരണത്തോടെ കൊച്ചി മെട്രോ 'ബോബനും മോളിയും' എന്ന പേരിൽ ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രായഭേദമന്യേ ഒരു പുരുഷനും ഒരു വനിതയുമടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങൾ കൊച്ചി മെട്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നടക്കും.
മെട്രോ ദിനമായ ജൂൺ 17 ന് ഉച്ചയ്‌ക്ക് 2 മണിക്ക് പ്രിലിമിനറി റൗണ്ടും തുടർന്ന് സെമി ഫൈനലും ഫൈനലും നടക്കും. വൈറ്റില മെട്രോ സ്റ്റേഷനിൽ വച്ചാണ് മത്സരം. മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് മത്സരത്തില്‍ അവസരം.
കൂടാതെ ജൂൺ 17ന് ചിത്രരചന മത്സരവും 15 വയസിൽ താഴെയുള്ള വിദ്യാർഥികൾക്കായി ചെസ് മത്സരവും സംഘടിപ്പിക്കുണ്ട്. ജൂൺ പത്തിന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ സാം അക്കാദമിയുടെ സഹകരണത്തോടെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പൊതുജനങ്ങൾക്കായി വിവിധ ബോർഡ് ഗെയിമുകളും 11ന് ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ജൂൺ 15 ന് കൊച്ചി മെട്രോയുടെ ട്രെയിനുകളിൽ പ്രശസ്‌ത കാർട്ടൂണിസ്റ്റുകൾ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും. തുടർന്ന് ഇവയിൽ ചില കാരിക്കേച്ചറുകൾ തെരഞ്ഞെടുത്ത ട്രെയിനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ജൂൺ 16 ന് എസ്‌സിഎംഎസ് കോളജിന്‍റെ സഹകരണത്തോടെ ഒരു ദിവസം നീണ്ട് നിൽക്കുന്ന പൊതുഗതാഗത കോൺക്ലേവ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘടിപ്പിക്കും.
'റീ-ഇമാജിനിങ് പബ്ളിക് ട്രാൻസ്പോർട്ട് ഇക്കോസിസ്റ്റം' എന്ന വിഷയത്തിലാണ് കോൺക്ലേവ്. ജൂൺ 22 മുതൽ 25 വരെ വൈറ്റില മെട്രോ സ്റ്റേഷനിൽ എം ക്ലബ് എന്‍റർടെയ്ൻമെന്‍റിന്‍റെ സഹകരണത്തോടെ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്. വിവിധയിനം മാങ്ങകൾ, ചെടികൾ എന്നിവക്കൊപ്പം എക്സോട്ടിക് പെറ്റ്സ് സ്റ്റാളുകളും ഫെസ്റ്റിൽ ഒരുക്കും.