കൊച്ചി : കൊച്ചി മെട്രോയെ അടുത്തറിയാനും, ജനങ്ങൾക്ക് അധികൃതരുമായി നേരിട്ട് ബന്ധപ്പെടാനും ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ എക്‌സ്‌പീരിയൻസ് സെന്‍റർ വരുന്നു (Kochi Metro Experience Center will start functioning soon).
കൊച്ചി മെട്രോയുടെ വിവിധ യാത്രാ പാസ്സുകൾ, പ്രൊജക്റ്റുകൾ, മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള സാധ്യതകൾ തുടങ്ങി മെട്രോയെക്കുറിച്ച് പൊതുജനങ്ങൾക്ക് എന്ത് സംശയമുണ്ടെങ്കിലും അവ ദൂരീകരിക്കുന്നതിനായി എക്‌സ്‌പീരിയൻസ് സെന്‍ററിലേക്കെത്താം.
മെട്രോ കണക്റ്റ് എന്ന് പേരിട്ടിരിക്കുന്ന എക്‌സേപീരിയൻസ് സെന്‍ററിന്‍റ ഉദ്ഘാടനം നാളെ ( നവംബർ 17) രാവിലെ 11 മണിക്ക് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ നിർവ്വഹിക്കും. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും ചടങ്ങിൽ പങ്കെടുക്കും.മെട്രോ സ്റ്റേഷനുകളിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിശാദാംശങ്ങൾ, മൊബൈൽ ക്യൂ ആർ ടിക്കറ്റ്, കൊച്ചി വൺ കാർഡ്, വിവിധ ട്രിപ്പ് പാസ്സുകൾ, ഓഫറുകൾ, വിവിധ സ്‌കീമുകൾ, ഇളവുകൾ എന്നിവയെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് മെട്രോ കണക്റ്റിൽ എത്താം. വിവിധ യാത്രാ പാസ്സുകളും കൊച്ചി വൺ കാർഡും പുതുതായി വാങ്ങുന്നതിനും മെട്രോ കണക്റ്റിനെ സമീപിക്കാം.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് മെട്രോ കണക്റ്റ് പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളിലും അവധിയായിരിക്കും. ce.centre@kmrl.co.in എന്ന മെയിൽ വഴിയും 0484 2846777 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാവുന്നതാണ്. യാത്രക്കാരുടെ പരാതികൾ/പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി നിലവിൽ മുട്ടം യാർഡ് ആസ്ഥനമായി കസ്റ്റമർ റിലേഷൻസ് സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. യാത്ര സംബന്ധമായ പരാതികൾ അറിയിക്കുന്നതിന് പൊതുജനങ്ങൾക്ക് 1800 425 0355 എന്ന നമ്പറിൽ വിളിക്കാം.