എറണാകുളം: എയർ ഇന്ത്യയുടെ കൊച്ചി ലണ്ടൻ വിമാനം പുറപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാന യാത്ര ഞായറാഴ്‌ച റദ്ദാക്കിയിരുന്നു. തകരാർ പരിഹരിച്ച ശേഷം വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് യാത്ര തിരിച്ചു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ഉച്ചയ്ക്ക് 1:20നായിരുന്നു മടങ്ങേണ്ടിയിരുന്നത്.
Also Read:കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ
ഉച്ചയ്ക്ക് യാത്രതിരിക്കേണ്ട വിമാനം വൈകുന്നേരമായിട്ടും പുറപ്പെടാത്തതോടെ യാത്രക്കാർ പ്രതിഷേധിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടെന്നും യാത്ര മാറ്റിയതായും അധികൃതർ അറിയിച്ചത്. തുടർന്ന് വിമാനത്തിൽ പോകാനെത്തിയ 182 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു.
എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം എത്തിയാണ് തകരാർ പരിഹരിച്ചത്. അതേസമയം, കൃത്യസമയത്ത് ഭക്ഷണമെത്തിച്ചില്ലെന്നും, യാത്ര ഇന്നത്തേക്ക് മാറ്റിയത് വൈകിയാണ് അറിയിച്ചതെന്നും യാത്രക്കാർ ആരോപിച്ചു.
ഓഗസ്റ്റ് പതിനെട്ടിനാണ് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചത്.
പത്ത് മണിക്കൂറാണ് യാത്ര സമയം. ബുക്കിങ് അധികമായതോടെ ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് എയർ ഇന്ത്യ ക്രമീകരിച്ചിരിക്കുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലണ്ടനിലേക്ക് എയർ ഇന്ത്യാ വിമാനം സർവീസ് നടത്തുന്നത്.