കൊച്ചി: കോടികളുടെ ആസ്തിയുണ്ടായിരുന്ന നൂറ്റാണ്ടിലെ അവസാന ജന്മിയും മടങ്ങി. 107 വയസുകാരനായ നാഗഞ്ചേരി നീലകണ്ഠൻ വാസുദേവൻ നമ്പൂതിരിയാണ് നിര്യാതനായത്. വെള്ളിയാഴ്‌ച രാവിലെ 10.30 നാണ് വാസുദേവന്‍ നമ്പൂതിരി നിര്യാതനായത്. പെരുമ്പാവൂരിനടുത്ത് അല്ലപ്രയിൽ മൂന്ന് സെന്റിലെ ചെറിയ വീട്ടിൽ കിടപ്പിലായിരുന്നു. ഇരിങ്ങോൾ വനത്തിന്റെയും അതിനകത്തെ വനദുർഗാ ക്ഷേത്രത്തിന്‍റെയും ഉടമസ്ഥൻ, വനത്തോടു ചേർന്നുള്ള നാഗഞ്ചേരി മനയുടെ കാരണവർ, 15,000 ഹെക്ടർ കൃഷിഭൂമിയുടെ ഉടമ, കേരളത്തിലെ ഒൻപതോളം ക്ഷേത്രങ്ങളുടെ ഊരാണ്മക്കാരൻ ഇവയെല്ലാം നാഗഞ്ചേരി നമ്പൂതിരിയുടെ പേരിന്‍റെ പണ്ടത്തെ വിശേഷണങ്ങളായിരുന്നു.
ഭൂപരിഷ്‌കരണ നിയമം വന്നതോടെ എല്ലാം നഷ്ടപ്പെട്ടു. ഇതോടെ സമൃദ്ധിയിൽനിന്ന് ദാരിദ്ര്യത്തിലേക്ക് കുടുംബം കൂപ്പുകുത്തി. പഞ്ഞം മൂലം ക്ഷേത്രത്തിൽ നിത്യപൂജ മുടങ്ങിയതോടെ വിശ്വാസികൾ ഇടപെട്ടു. തുടർന്ന് ഇരിങ്ങോൾ വനവും ക്ഷേത്രവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. കൊടിയ ദാരിദ്ര്യത്തിൽ കഷ്‌ടപ്പെടുമ്പോഴും ക്ഷേത്രം വകയായി ഉണ്ടായിരുന്ന 200 കിലോ സ്വർണാഭരണങ്ങൾ, ചെമ്പ്, ഓട്ടുപാത്രങ്ങൾ എന്നിവയടക്കം ദേവസ്വം ബോർഡിന് സൗജന്യമായി നൽകി. കാർത്ത്യായനി എന്ന് പേരിട്ട് വളർത്തിയിരുന്ന പിടിയാനയെയും കൈമാറി. നാഗഞ്ചേരിയുടെ അല്ലപ്രയിലെ വീട് 1980-ൽ നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ഈ തുക ഉപയോഗിച്ച് പെൺമക്കളെ വിവാഹം ചെയ്തയച്ചു. ബാക്കിയുള്ളതുകൊണ്ട് അല്ലപ്രയിൽ അഞ്ച് സെന്‍റ് സ്ഥലവും ഒരു ചെറിയ വീടും വാങ്ങി. രോഗിയായപ്പോൾ അതിൽ രണ്ട് സെന്റ് അയൽവാസിക്ക് വിറ്റ് ചികിത്സ നടത്തി. നാഗഞ്ചേരിയുടെ ദുരവസ്ഥ മനസ്സിലാക്കി നാട്ടുകാരൻ കൂടിയായ ഡോ. ഡി ബാബുപോൾ മുൻകയ്യെടുത്ത് തിരുവനന്തപുരത്ത് ഒരു വീടുവെച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.
കാലങ്ങൾക്കു മുൻപ് സർക്കാർ നാഗഞ്ചേരിയിൽ നിന്ന് പാട്ടത്തിനെടുത്ത തിരുവനന്തപുരം തൈക്കാട് വില്ലേജിൽ വഴുതക്കാട്ട് മഠം സർവേ നമ്പർ 262-ൽ ഒരേക്കർ 63 സെന്റ് സ്ഥലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നാഗഞ്ചേരിയുടെ ഹർജി അങ്ങനെ പരിഗണിക്കപ്പെട്ടു. ഇതേക്കുറിച്ചന്വേഷിച്ച സർക്കാർ വഴുതക്കാട് ഗണപതിക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള സ്ഥലം മറ്റുള്ളവർ കയ്യേറിയതായി കണ്ടെത്തി. അത് തിരിച്ചുപിടിക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരം സിറ്റിയിൽ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ റവന്യു സെക്രട്ടറി ഉത്തരവിട്ടിരുന്നു.
ഇഎംഎസിന് തിരുവനന്തപുരത്ത് സ്മാരകം നിർമിക്കാൻ സർക്കാർ സ്ഥലം തേടി നടന്ന കാലമായിരുന്നു അത്. തനിക്ക് മൂന്ന് സെന്റ് സ്ഥലം ലഭിക്കുമെങ്കിൽ അത് ഇഎംഎസിന് സ്‌മാരകം നിർമിക്കാൻ ഉപയോഗിച്ചോളൂ എന്നു പറഞ്ഞ് നാഗഞ്ചേരി അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർക്ക് കത്തെഴുതി. സമൃദ്ധി മാത്രം കണി കണ്ടുണർന്നിരുന്ന സ്വസമുദായത്തിന് ദാരിദ്ര്യക്കടൽ കാട്ടിക്കൊടുത്തയാളാണ് ഇഎംഎസ് എന്ന് നാഗഞ്ചേരി ആ കത്തിൽ പറഞ്ഞിരുന്നു. ഏതാനും വർഷം മുമ്പുവരെ സർക്കാരിൽനിന്ന് ജന്മിക്കരം ലഭിച്ചിരുന്നു. 62 രൂപ ജന്മിക്കരം വാങ്ങാൻ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയിൽ അത് അദ്ദേഹം നിരാകരിക്കുകയും ചെയ്തു. തുടർന്ന് മൂന്നു സെന്‍റിൽ ഒതുങ്ങിക്കൂടി. ശനിയാഴ്‌ച 12 മണിക്ക് സ്വവസതിയിൽ സംസ്‌കാര ചടങ്ങുകള്‍ നടക്കും.