എറണാകുളം: അതിശക്തമായ മഴയും നീരൊഴുക്കും കാരണം പെരിയാറിൽ ജലനിരപ്പുയരുന്നു. ഇതോടെ ആലുവയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണുള്ളത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ഒരു മീറ്ററോളമാണ് പെരിയാറിൽ ജലനിരപ്പുയർന്നത്.
പുഴയിലെ ചെളിയുടെ അംശം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ് കുറച്ചു. രണ്ട് വർഷത്തിന് ശേഷം പുഴയിലെ ചെളിയുടെ തോത് 200 എൻ.റ്റി.യു പിന്നിട്ടു. ഇപ്പോൾ ചെളിയുടെ തോത് 240 എൻ.റ്റി.യു ആണ്. ഇനിയും പെരിയാറിലെ ചെളിയുടെ തോത് വർധിച്ചാൽ പമ്പിങ് നിർത്തേണ്ടി വരും. ഇത് കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജല വിതരണത്തെ പ്രതികൂലമായി ബാധിക്കും.
ഇന്നലെ രാത്രി 10 മണി വരെ ആലുവ ശിവരാത്രി മണപ്പുറം കൽപടവുകൾ വരെ മാത്രമായിരുന്നു ജലനിരപ്പ്. പുലർച്ചെയോടെ ക്ഷേത്രത്തിൻ്റെ മേൽക്കൂരയോളം വെള്ളമെത്തിയിട്ടുണ്ട്. പെരിയാറിലെ കാലടിയിലെ വെള്ളത്തിന്‍റെ അളവ് പ്രളയ മുന്നറിയിപ്പിന്‍റെ മുകളിലെത്തിയിട്ടുണ്ട്. നിലവിൽ 6.415 മീറ്ററാണ് ഇവിടെ വാട്ടർ ലെവൽ രേഖപ്പെടുത്തിയത്. എന്നാൽ 5.5 മീറ്ററാണ് പ്രളയ മുന്നറിയിപ്പ് നൽകുന്ന വാട്ടർ ലെവൽ.
അതേസമയം മഴ കുറഞ്ഞതിനെ തുടർന്ന് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിലെ താഴ്ന്ന റോഡുകളെല്ലാം വെള്ളം കയറിയിരുന്നു. കനത്ത മഴയെ തുട൪ന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.