എറണാകുളം: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയിൽ യുവതി വ്യക്തമാക്കിയിരുന്നു.
പീഡനത്തെത്തുടര്‍ന്ന് ശരീരത്തിലുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും യുവതി പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോർട്ട് ഉൾപ്പടെ പരിശോധിച്ചാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ കൈവശം വച്ചിരുന്ന തോക്കും ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം നല്‍കിയാല്‍ ഈ തെളിവുകള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങളും ഹൈക്കോടതി പരിഗണിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി.
കേസ് അന്വേഷണത്തിൽ വീഴ്‌ച; സാഹസികമായി പ്രതിയെ പിടികൂടി പൊലീസ്
കണ്ണൂർ സ്വദേശിയായ മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇരുപത്തിയേഴുകാരിയായ യുവതി പ്രതി മാർട്ടിൻ ജോസഫിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ മാർട്ടിൻ ശാരീരികമായി ആക്രമിക്കുകയും ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്‌തത്. പ്രതിയുടെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽ നിന്ന് രക്ഷപെട്ടാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി വേണ്ട രീതിയിൽ പരിഗണിച്ച് പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായിരുന്നില്ല.
മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതിന് ശേഷമാണ് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്. തൃശൂരിലെ വനമേഖലയിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ വ്യാപകമായ തെരച്ചലിന് ശേഷമായിരുന്നു കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്.
READ MORE: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്: അന്വേഷണത്തിലെ വീഴ്‌ച സമ്മതിച്ച് പൊലീസ്