എറണാകുളം: കൊച്ചിയിൽ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ റിമാന്‍റിൽ കഴിയുന്ന പ്രതി മാർട്ടിൻ ജോസഫിനെതിരെ അന്വേഷണം വിപുലപ്പെടുത്തി പൊലീസ്. പ്രതിക്കെതിരെ സാമ്പത്തികമായോ, അല്ലാതെയോ പരാതിയുള്ളവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി പൊലീസാണ് പ്രതിക്കെതിരെ നോട്ടീസ് ഇറക്കിയത്.
പ്രതി മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. ഇതിനു ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുക. പ്രതി താമസിച്ച ഫ്ലാറ്റിന് സമീപം താമസിച്ചവരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
കൊച്ചിയിൽ ആഢംബര ജീവിതം
പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കും. പ്രതിമാസം നാൽപ്പത്തി മൂവായിരം രൂപ വാടക നൽകിയാണ് പ്രതി ആഢംബര ഫ്ലാറ്റിൽ കഴിഞ്ഞത്. ബിഎംഡബ്ല്യു ഉൾപ്പടെയുള്ള ആഢംബര കാറും പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവിൽ രണ്ട് യുവതികളാണ് പ്രതിക്കെതിരെ പരാതി നൽകിയത്. കൂടുതൽ പരാതി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം മാർട്ടിൻ തടങ്കലിലാക്കി ക്രൂരമായി പീഡിപ്പിച്ച യുവതിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രാഥമികമായ ചോദ്യം ചെയ്യലിൽ ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണം പ്രതി മാർട്ടിൻ നിഷേധിച്ചിരുന്നു. കേസിൽ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തുകയെന്നത് പൊലീസിന് വെല്ലുവിളിയാണ്.
read more:കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്: അന്വേഷണത്തിലെ വീഴ്‌ച സമ്മതിച്ച് പൊലീസ്
അന്വേഷണം ഊർജിതം
ദൃശ്യങ്ങൾ ഫോണിൽ നിന്നും മാറ്റി മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാനുളള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മാർട്ടിന്‍റെ മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയാൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പിടിയിലായ മൂന്ന് സുഹൃത്തുക്കളുടെ ഫോണുകളുൾപ്പടെ പരിശോധനയ്ക്ക് വിധേയമാക്കും. തിങ്കളാഴ്ചയ്ക്കുള്ളിൽ പ്രതിക്കെതിരെ പരമാവധി തെളിവുകൾ സമാഹരിച്ചും, സമാനമായ പരാതികൾ ലഭിക്കുകയാണെങ്കിൽ അത്തരം വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
read more:കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് : പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ