കൊച്ചിയിൽ അഗ്നിക്കിരയായ ചെരുപ്പ് കമ്പനിയുടെ ആറുനില കെട്ടിടം പൊളിച്ചുകളയണമെന്ന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അന്വേഷണ റിപ്പോർട്ട് കൈമാറി. കെട്ടിടം ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും, കെട്ടിടത്തിൽ അനുമതി ഇല്ലാതെ നിർമാണപ്രവർത്തനം നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. തീപിടിത്തത്തിന്‍റെ ആഘാതം കൂടാൻ ഇത് കാരണമായി. ഇലക്ട്രിക് പാനൽ ബോർഡിൽ നിന്നാണ് തീപടർന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്.
കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവർത്തനരഹിതമായിരുന്നുവെന്ന സൂചനയെ തുടർന്നാണ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അന്വേഷണം ആരംഭിച്ചത്. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി. നിർമാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗൺ പണിതതെന്ന് നഗരസഭാ മേയറും ആരോപിച്ചിരുന്നു.