എറണാകുളം : ലക്ഷദ്വീപിലേക്ക് കൊച്ചി വഴിയുള്ള യാത്ര ഉപേക്ഷിച്ച് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേൽ. അവസാന നിമിഷമാണ് ഔദ്യോഗിക സന്ദർശന പാതയിൽ നിന്നും കൊച്ചി ഒഴിവാക്കിയത്. അഡ്മിനിസ്ട്രേറ്റർ ഗോവയിൽ നിന്നും നേരിട്ട് അഗത്തിയിലേക്ക് പോയതായാണ് സൂചന.
കൊച്ചി വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തേ വിവരമുണ്ടായിരുന്നതിനാല്‍ അഡ്മിനിസ്ട്രേറ്ററെ കാണാൻ യുഡിഎഫ് എം.പിമാരായ ഹൈബി ഈഡനും, ടി.എൻ. പ്രതാപനും എത്തിയിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേക്ക് ഒളിച്ചോടിയെന്ന് ടി.എൻ.പ്രതാപൻ എം.പി പ്രതികരിച്ചു. കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു.
READ MORE: ഐഷാ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ
അതേ സമയം ലക്ഷദ്വീപിൽ വിവാദ തീരുമാനങ്ങൾ അടിച്ചേല്പിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമാണ്. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്‌ത കരിദിനാചരണത്തിൽ ജനങ്ങൾ ഒന്നടങ്കം പങ്കാളികളായി. കരിദിനാചരണത്തിന്‍റെ ഭാഗമായി കറുത്ത വസ്ത്രങ്ങൾ അണിഞ്ഞും വീടുകളിൽ കറുത്ത പതാക സ്ഥാപിച്ചുമാണ് പ്രതിഷേധിക്കുന്നത്.
വീടുകളിലെ കറുത്ത കൊടി നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തി. കറുത്ത കൊടി കെട്ടിയ വീടുകളിൽ എത്തിയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കറുത്ത കൊടി കെട്ടിയ വീടുകളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.