കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരുമായി നാവികസേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായുള്ള നേവിയുടെ രണ്ടാമത്തെ കപ്പലാണ് മാലിദ്വീപിൽ നിന്നും കൊച്ചിയിലെത്തി നങ്കൂരമിട്ടത്. 15 ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊച്ചിയില്‍ കപ്പലിറങ്ങിയത്. കേരളത്തിൽ നിന്നുള്ള 91 പേരും ഇതിലുൾപ്പെടുന്നു. തിരുവനന്തപുരം-17, കൊല്ലം-11, പത്തനംതിട്ട-4, കോട്ടയം-7, ആലപ്പുഴ-7, ഇടുക്കി-5, എറണാകുളം-6, തൃശൂർ-10, മലപ്പുറം-2, പാലക്കാട്-5, കോഴിക്കോട്-5, കണ്ണൂർ-6, വയനാട്-4, കാസർകോട്-2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം.
തമിഴ്നാട്ടിൽ നിന്നുള്ള 80 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള രോഗലക്ഷണമില്ലാത്ത ആളുകൾ തമിഴ്നാട്ടിന്‍റെ തന്നെ ബസുകളിൽ സ്വദേശത്തേക്ക് മടങ്ങും. ജില്ലയിലുള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്കും എറണാകുളത്ത് നിരീക്ഷണ സൗകര്യമൊരുക്കിയിട്ടുണ്ട്. കാക്കനാട്, കളമശേരി എന്നിവിടങ്ങളിലാണ് നിരീക്ഷണ സൗകര്യമൊരുക്കിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള യാത്രക്കാർക്കായി കെഎസ്‌ആർടിസി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ഇവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.