എറണാകുളം: കൊച്ചിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുമെന്ന് കൊച്ചി ഡി.സി.പി ജി.പൂങ്കുഴലി. കൂടുതൽ പൊലീസിനെ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി കൂടുതൽ പൊലീസ് വാഹനങ്ങൾ ഉപയോഗിക്കും. ജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കും. ചമ്പക്കര മാർക്കറ്റിൽ ഇതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഡിസിപി പറഞ്ഞു.
നാളെ ചമ്പക്കര മാർക്കറ്റ് അടച്ചിടും. ചില്ലറ വില്പന നിർത്തി വെക്കും. തിങ്കളാഴ്ച മുതൽ മാർക്കറ്റിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തും. മാർക്കറ്റിൽ ചരക്കുകളുമായെത്തുന്നവർക്കും സമയം നിശ്ചയിക്കും. എറണാകുളത്തെ പ്രധാനപ്പെട്ട രണ്ട് മാർക്കറ്റുകൾ അടച്ചതിനാൽ ചമ്പക്കര മാർക്കറ്റിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് പൊലീസ് ഇടപെടൽ ശക്തമാക്കിയത്. കോർപ്പറേഷൻ സെക്രട്ടറിയുമായി ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചർച്ച നടത്തിയിരുന്നുവെന്നും ഡി.സി.പിപറഞ്ഞു.