കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 38 യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ നടപടികളിൽ നിന്ന് മാറിനിന്നപ്പോൾ മേയർക്കെതിരെ 33 വോട്ടുകളാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 74 അംഗങ്ങളുള്ള കൗൺസിലിൽ 38 യു.ഡി.എഫ് പ്രതിനിധികളുടെ അംഗബലമാണുള്ളത്.
ജില്ലാ കലക്‌ടർ എസ്. സുഹാസിന്‍റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ടര മണിക്കാണ് അവിശ്വാസ പ്രമേയ നടപടികൾ ആരംഭിച്ചത്. സൗമിനി ജെയിനിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവർഷത്തെ ഭരണം പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇടഞ്ഞുനിൽക്കുന്ന യു.ഡി.എഫ് അനുകൂലികളെ ഉപയോഗിച്ച് സൗമ്യനി ജെയിനിനെ താഴെയിറക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും അവിശ്വാസപ്രമേയത്തെ തോൽപ്പിക്കുവാൻ യോഗം ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു.
നഗരസഭയുടെ ഭരണപരാജയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, കൗൺസിലിൽ ഹാജരായി അവിശ്വാസ പ്രമേയത്തെ നേരിടുകയാണ് ഭരണപക്ഷം ചെയ്യേണ്ടിയിരുന്നതെന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്‍റണി പറഞ്ഞു.