എറണാകുളം: കൊച്ചിയിൽ എൻഐഎയുടെ പിടിയിലായ അൽഖ്വയ്‌ദ ഭീകരരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരെ ഡൽഹി പാട്യാല കോടതി മജിസ്ട്രേറ്റിന്‍റെ വസതിയിൽ മറ്റന്നാൾ ഹാജരാക്കും.
പ്രതികളെ ശനിയാഴ്ച കൊച്ചിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ട്രാൻസിറ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. പ്രതികളുടെ കൊവിഡ് പരിശോധനയും പൂർത്തിയാക്കി. നിർമാണ തൊഴിലാളികളെന്ന വ്യാജേന കൊച്ചിയിൽ തങ്ങി, അൽഖ്വയ്‌ദ മോഡൽ ആക്രമണത്തിന് തയ്യാറെടുക്കുന്നവരായിരുന്നു പ്രതികളെന്ന് എൻഐഎ അറിയിച്ചിരുന്നു. പാകിസ്‌താനിലുള്ള അൽഖ്വയ്‌ദ കമാൻഡറുടെ നിർദേശപ്രകാരം ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകാനും ഇവർ പദ്ധതിയിട്ടിരുന്നു. ലാപ്ടോപ്, ലഘുലേഖകൾ എന്നിവയാണ് കൊച്ചിയില്‍ നിന്നും അറസ്റ്റിലായവരിൽ നിന്നും ലഭിച്ചത്. അതേസമയം ബംഗാളിൽ നിന്നും അറസ്റ്റിലായവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.