കൊച്ചി: കനത്ത മഴ മൂലം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച തുറക്കും. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആയിരിക്കും വിമാനത്താവളം തുറക്കുക. വിമാനത്താവളത്തിന് സമീപത്തെ പെരിയാറിന്റെ കൈവഴിയായ ചെങ്കൽ തോട് നിറഞ്ഞ് റൺവേയിലടക്കം വെള്ളം കയറിയതോടെ ആഗസ്ത് എട്ട് വ്യാഴാഴ്ചയാണ് വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.
റൺവേയിൽ നിന്നും വലിയ മോട്ടോർ പമ്പുകളുപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. ഞായറാഴച് വൈകിട്ട് വിമാനത്താവളം തുറക്കും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ മഴ കുറഞ്ഞ് സമീപത്തെ ചെങ്കൽ തോടിൽ വെള്ളം കുറയ്ക്കും ചെയ്തതോടെയാണ് ഞായറാഴ്ച ഉച്ചയോടെ സര്‍വ്വീസ് പുനരാരംഭിക്കാമെന്ന് സിയാല്‍ തീരുമാനിച്ചത്. കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ സര്‍വ്വീസുകള്‍ തീരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മംഗ്ളൂരു കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു.