എറണാകുളം: പൂയംകുട്ടിയിൽ വന്യ ജീവികളുടെ ആക്രമണം തടയുന്നതിന് കിടങ്ങുകൾ തീർക്കാമെന്ന വനം വകുപ്പിന്‍റെ വാഗ്ദാനം പാഴ് വാക്കായി. 2020 ജൂണിൽ പൂയംകുട്ടിയിലെ ജനവാസ മേഖലയിൽ കാട്ടാന കിണറ്റിൽ വീണു. തുടർന്നുള്ള പ്രതിഷേധത്തിനൊടുവിൽ പഞ്ചായത്ത് സെക്രട്ടറിക്കും ജന സംരക്ഷണസമിതിക്കും ആറ് മാസത്തിനുള്ളിൽ ജനവാസ മേഖലയിലേക്ക് വന്യജീവികൾ ഇറങ്ങാതെ കിടങ്ങുകൾ താഴ്ത്തി കൊള്ളാമെന്ന് വനംവകുപ്പിന് വേണ്ടി അന്നത്തെ റേഞ്ച് ഓഫിസർ രേഖാമൂലം എഴുതി നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കിണറ്റിൽ വീണ കാട്ടാനയെ നാട്ടുകാർ കയറ്റി വിടാൻ തയ്യാറായത്. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ഇതിന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരോട് ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ വാക്ക് നൽകിയ റേഞ്ച് ഓഫീസർ സ്ഥലം മാറിയെന്നും കൂടുതൽ ഒന്നും അറിയില്ലെന്നുമാണ് മറുപടി.
നടപടികൾ ഒന്നും ആകാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. പൂയംകുട്ടി പ്രദേശത്ത് വന്യജീവികളുടെ ശല്യത്താൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. നിരവധി കൃഷിയിടങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭമടക്കമുള്ള സമര നടപടികൾ ആരംഭിക്കാനുമാണ് തീരുമാനം.