കൊച്ചി: നിപ രോഗം ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമാണെന്നും, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കേന്ദ്ര സംഘത്തെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രമം തുടരുകയാണെന്നും ഉറവിടം ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ജില്ലയിൽ പ്രത്യേകമായി പനി ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. നേരിയ സംശയം ഉള്ളത് പോലും സൂക്ഷ്മമായി പരിശോധന നടത്തുന്നുണ്ട്. ഡെങ്കി, മഞ്ഞപ്പിത്തം പോലെ കണ്ടെത്താൻ സാധിക്കുന്ന ഒന്നല്ല നിപയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഡിസംബർ മുതൽ പനിയുമായി വരുന്നവരുടെ രക്തപരിശോധന നടത്തി നിപയാണോ എന്ന് പരിശോധിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അതെല്ലാം നെഗറ്റീവ് ആയത് ആശ്വാസം പകരുന്നതാണ്. നിപയെ സംബന്ധിച്ചുള്ള അവലോകനയോഗം നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേരുമെന്നും കെകെ ശൈലജ പറഞ്ഞു.