കൊച്ചി: കൊച്ചിയുടെ ഗതാഗത സ്വപ്നങ്ങൾക്ക് ശക്തി പകരുന്ന കൊച്ചി മെട്രോ ഇന്ന് രണ്ട് വർഷം പൂർത്തിയാക്കി. 2.58 കോടി യാത്രക്കാരെന്ന ഖ്യാതിയുമായാണ് കൊച്ചി മെട്രോ ഈ വർഷം പിറന്നാളിനെ വരവേൽക്കുന്നത്. മെട്രോ ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെയുള്ള മെട്രോയിലെ യാത്രക്കാരുടെ എണ്ണമാണിത്. ഈ കാലയളവിൽ 150.24 കോടി രൂപയും വരുമാന ഇനത്തിൽ മെട്രോ സ്വന്തമാക്കി.
കൊച്ചി മെട്രോയുടെ ടിക്കറ്റായ കൊച്ചി വൺ കാർഡ് എന്ന സ്മാർട്ട്കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 18,000 ആയിരുന്നത് ഇത്തവണ 45,000 ആയി വർദ്ധിച്ചു.
ഓഗസ്റ്റ് മാസം പകുതിയോടെ തൈക്കൂടത്ത് നിന്നുള്ള സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് മെട്രോയുടെ പ്രതീക്ഷ. അടുത്ത വർഷം ഫെബ്രുവരിയിൽ പേട്ടയിലേക്ക് എത്തുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാകും. ആദ്യഘട്ടത്തിന്റെ തുടർച്ചയായി തൃപ്പൂണിത്തുറ എസ് എൻ ജങ്ഷൻ വരെയുള്ള വികസനം ഇപ്പോൾ പുരോഗമിക്കുകയാണ്.
എന്നാൽ കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള രണ്ടാംഘട്ടം വികസനത്തിന് ഇതുവരെയും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തത് മെട്രോ വലിയ വെല്ലുവിളിയാണ്. ഇതുകൂടി സാഫല്യമായാൽ മാത്രമേ നഗര ഗതാഗത മേഖലയിൽ കൊച്ചി മെട്രോയുടെ പങ്ക് പൂർത്തിയാകൂ.