എറണാകുളം: എറണാകുളം ചെല്ലാനത്ത് കടൽഭിത്തിയുടെയും പുലിമുട്ടിന്‍റെയും നിർമാണം വൈകുന്നതിനെതിരെ എറണാകുളം കലക്ടറേറ്റിലേക്ക് ചെല്ലാനം നിവാസികളുടെ മാർച്ച്. ഒരു വർഷത്തിനകം ജിയോ ട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. മഴക്കാലത്തിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് തീരസംരക്ഷണ സമിതിയുടെ തീരുമാനം.
കാലവർഷം പടിവാതിലിൽ എത്തിയിട്ടും ചെല്ലാനത്ത് കടൽഭിത്തിയും പുലിമുട്ടും നിർമ്മിച്ചിട്ടില്ല. ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണവും ആരംഭിച്ചിടത്ത് തന്നെയാണ് ഇപ്പോഴും. കടൽ ക്ഷോഭത്തിനൊപ്പം മഴക്കാലം കൂടി അടുത്തതോടെ കടൽഭിത്തി നിർമ്മിക്കാത്തതിൽ വലിയ ആശങ്കയിലാണ് ചെല്ലാനം നിവാസികൾ. മഴക്കാലത്തിന് മുന്നോടിയായി നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്പോഴും നിർമ്മാണപ്രവർത്തനങ്ങൾ നടത്താത്തതിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധക്കാർ കലക്ടറേറ്റിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. മഴക്കാലത്തിന് മുൻപ് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് ചെല്ലാനം നിവാസികളുടെ തീരുമാനം. വരുംദിവസങ്ങളിൽ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഉപരോധിക്കാനും നിരാഹാര സത്യാഗ്രഹത്തിനും ഒരുങ്ങുകയാണ് ചൊല്ലാനും നിവാസികൾ.