എറണാകുളം: കിഴക്കമ്പലം-വെങ്ങോല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓണംകുളം-ഊട്ടിമറ്റം റോഡിന്‍റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പൊതുമരാമത്ത് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. പൊതുപ്രവർത്തകന്‍ പരീത് വലിയപറമ്പിലിന്‍റെ നേതൃത്വത്തിലാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
റോഡ് പൊട്ടിപൊളിഞ്ഞ് വലിയ കുഴികൾ രൂപപെട്ട് കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. തൃപ്പൂണിത്തുറ, കരിമുകൾ, പഴങ്ങനാട്, പുക്കാട്ടുപടി, ആലുവ ഭാഗത്തേക്ക് 20ലേറെ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. കൂടാതെ വിവിധ വ്യവസായ മേഖലകൾ ക്രഷർ യൂണിറ്റുകൾ, പാറമടകൾ എന്നിവിടങ്ങളിലേക്ക് വലിയ വാഹനങ്ങളും ഇതുവഴിയാണ് ഗതാഗതം നടത്തുന്നത്. വെങ്ങോല സാമൂഹ്യ ആരോഗ്യകേന്ദ്രം, ശാലേം സ്‌കൂൾ, മാർ ബഹനാം വലിയ പളളി എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് എത്തുന്ന ഏക റോഡാണിത്.
കൂടാതെ പല ഭാഗത്തും റോഡിന്‍റെ പാർശ്വഭിത്തി തകർന്ന് അപകട സാധ്യത നിലനിൽക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഈ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തി സഞ്ചാരയോഗ്യമായ റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.