എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിൽ സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ. ദീപു മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ദ്വീപു ഇന്ന് ഉച്ചയ്ക്ക് 12:05 ഓടെയാണ് (18.02.2022) മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകരായ അബ്‌ദുല്‍ റഹ്മാൻ, അസീസ്, സൈനുദീൻ, ബഷീർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ ശനിയാഴ്ച വിളക്ക് അണയ്‌ക്കൽ പ്രധിഷേധ സമരത്തിനിടെ മർദനമേറ്റ ദീപുവിന്‍റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കും ഇയാളെ വിധേയമാക്കിയിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലന്ന് കഴിഞ്ഞ ദിവസം തന്നെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ എംഎൽഎ പി.വി ശ്രിനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച്, ട്വന്‍റി ട്വന്‍റി തങ്ങള്‍ ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധിച്ചിരുന്നു. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു മരിച്ച ദീപു. കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം 7 മുതല്‍ 7.15 വരെയാണ് വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചത്.
ഇതിനിടെ വീടുകളിൽ കയറി ദീപു നിർബന്ധ പൂർവം ലൈറ്റ് അണച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രതികൾ മൊഴിനൽകിയത്.
ALSO READ വ്യാപം കുഭകോണം: സിബിഐ കുറ്റപത്രത്തില്‍ 160 പേര്‍ കൂടി