എറണാകുളം : കിറ്റെക്‌സ് ഗാർമെന്‍റ്സിനെ തകർക്കാൻ ശ്രമമെന്ന് ആരോപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് തൊഴിലാളികൾ. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തുടർച്ചയായ പരിശോധനയും നുണപ്രചരണവും നടത്തി തകർക്കാനാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കില്ലാത്ത പരാതി ആർക്കാണെന്നും ഇവർ ചോദിക്കുന്നു.
Also Read: 'കിറ്റക്‌സിനോട് രാഷ്ട്രീയ വൈരാഗ്യമില്ല' ; പദ്ധതിക്ക് ഇപ്പോഴും സര്‍ക്കാര്‍ പിന്തുണയെന്ന് പി. രാജീവ്
അന്നം മുട്ടിക്കരുതെന്നും അത് നല്‍കുന്ന സ്ഥാപനത്തെ ജീവൻ നൽകിയും സംരക്ഷിക്കുമെന്നും തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി. കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളും കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.
കിറ്റെക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എം.ഡി സാബു ജേക്കബുമായി കഴിഞ്ഞ ശനിയാഴ്‌ച ചർച്ച നടത്തിയിരുന്നു.
ഒരു മാസത്തിനിടെ 11 തവണ പരിശോധനയെന്ന് ആരോപണം
ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്‍റെ യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയെന്നാണ് മാനേജ്മെന്‍റിന്‍റെ ആരോപണം.
പത്തും പതിനഞ്ചും വണ്ടിയില്‍ വന്നിറങ്ങി നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥ സംഘം ഫാക്‌ടറിയുടെ ഓരോ നിലകളിലും ഇരച്ച് കയറുകയായിരുന്നുവെന്നും മാനേജ്‌മെന്‍റ് ആരോപിച്ചിരുന്നു.
ജോലി തടസപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ച് ചോദ്യം ചെയ്‌ത് അവരുടെ വിലാസവും ഫോണ്‍നമ്പറും എഴുതി എടുത്തതായും മാനേജ്മെന്‍റ് അവകാശപ്പെട്ടിരുന്നു.
ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് പരിശോധനകള്‍ നടത്തി നൂറുകണക്കിന് തൊഴിലാളികളെ ചോദ്യം ചെയ്‌തു. 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്‌ടറിയില്‍ കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് പരിശോധനകളെല്ലാം നടന്നതെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം.
ഇത്തരം പരിശോധനകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടപ്പാക്കാനിരുന്ന 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കിറ്റെക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.