എറണാകുളം: കൊല്ലം കിളികൊല്ലൂരിൽ സൈനികൻ ഉൾപ്പെടെ പൊലീസ് മര്‍ദനത്തിന് ഇരയായ സംഭവത്തിൽ മജിസ്ട്രേറ്റിനെതിരെ പരാതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് നിവേദനം നൽകിയിരിക്കുന്നത്. പൂർവ സൈനിക സേവാപരിഷത്ത് കൊല്ലം ജില്ല പ്രസിഡന്‍റ് അഡ്വ. രാജേഷ് മുരളിയാണ് പരാതിക്കാരൻ.
സൈനികനും സഹോദരനും മര്‍ദനമേറ്റ വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം അറിഞ്ഞിട്ടും മതിയായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നിരുത്തരവാദ നടപടി സ്വീകരിച്ച മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. സൈനികനെ പൊലീസ് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
സൈനികനും സഹോദരനുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്‌ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒന്‍പത് പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിരുന്നെങ്കിലും നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്.