എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ (KIIFB Masala Bond Case) മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് (Thomas Isaac) വീണ്ടും എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) നോട്ടിസ് (ED Notice). ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടിസ് നൽകിയത്. കൊച്ചിയിലെ ഇഡി മേഖല ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു.
വിദേശ കടമെടുപ്പിന്‍റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എന്നാൽ, കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക്കിന്‍റെ നിലപാട്. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും നേരത്തെ നൽകിയ സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു.
വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു. വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടെതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവക്കാന്‍ ആയിരുന്നു അന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ സമൻസ് അയച്ചത്. അതേസമയം, തോമസ് ഐസക് വീണ്ടും നിയമപരമായി ഇഡി നടപടിക്കെതിരെ രംഗത്ത് വരാൻ സാധ്യത ഏറെയാണ്.
കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ (foreign exchange management act) നിയമ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം. 2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. എന്നാൽ കിഫ്‌ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും (KIIFB) സംസ്ഥാന സർക്കാരിന്‍റെയും വാദം.
എന്താണ് മസാല ബോണ്ട് (What Is Masala Bond): രാജ്യന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ടിറക്കി പണം സമാഹരിക്കന്ന രീതിയെയാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യക്ക് പുറത്ത്, ഒരു ഇന്ത്യൻ സ്ഥാപനം, ഇന്ത്യൻ കറൻസിയിൽ നൽകുന്ന ബോണ്ടുകളാണ് മസാല ബോണ്ട് എന്ന് അറിയപ്പെടുന്നത്. മസാല ബോണ്ടുകളുടെ പ്രധാന ലക്ഷ്യങ്ങൾ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുക, ആഭ്യന്തര വളർച്ച ത്വരിതപ്പെടുത്തുക എന്നിവയാണ്.
രൂപയുടെ വിനിമയ നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നിക്ഷേപകനായിരിക്കും. എന്തെങ്കിലും അപകടസാധ്യതയുണ്ടായാൽ, നഷ്ടം വഹിക്കേണ്ടത് നിക്ഷേപിക്കുന്നയാളാണ്. കടമെടുക്കുന്നയാളല്ല.രൂപയില്‍ ബോണ്ടിറക്കുന്നത് കൊണ്ട് തന്നെ പണം സ്വീകരിക്കുന്നത് വരെയുള്ള വിനിമയ നിരക്കുകള്‍ ബാധിക്കില്ലെന്ന് മാത്രമല്ല മൂല്യത്തില്‍ ഇടിവുണ്ടായാല്‍ അത് ബാധിക്കുക നിക്ഷേപകരെ തന്നെയായിരിക്കും.2014-ൽ ആണ് ഇന്ത്യയിലെ ഒരു പശ്ചാത്തല സൗകര്യ വികസന പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി ലോക ബാങ്ക് ആദ്യ മസാല ബോണ്ടുകൾ പുറത്തിറക്കിയത്.