കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയശസ്ത്രക്രിയക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്‍റെ തുടര്‍ചികിത്സ സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമെ ശസ്ത്രക്രിയ നടത്തുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറയിച്ചിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ടാണ് പതിനാറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആംബുലൻസില്‍ കൊച്ചിയില്‍ എത്തിച്ചത്.
കാസര്‍കോട് സ്വദേശികളായ സാനിയ- മിതാഹ് ദമ്പതികളുടെ കുഞ്ഞിന്‍റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി ഇന്നലെ ബന്ധുക്കളെ അറിയിച്ചിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ട കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ട് പോകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ആംബുലൻസ് കൊച്ചി അമൃതയിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ സഞ്ചരിച്ചാണ് ആംബുലൻസ് കൊച്ചിയിലെത്തിയത്. കുഞ്ഞിന്‍റെ ജീവൻരക്ഷിക്കാനായിരുന്നു ഇത്തരമൊരു നീക്കം.
കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് മിഷന്‍ ഒരുക്കിയത്. 15 മണിക്കൂര്‍ വേണ്ട മംഗളൂരു –തിരുവനന്തപുരം യാത്ര പരമാവധി വേഗമാക്കി കുട്ടിയെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം സമൂഹ മാധ്യമങ്ങളിൽ അടക്കം ജനങ്ങളുടെ സഹകരണം തേടി. പതിനൊന്ന് മണിയോടെ മംഗളൂരുവില്‍നിന്ന് പുറപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ പി ജയരാജനും ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ട് മണിയോടെ ആരോഗ്യമന്ത്രി അമൃത ആശുപത്രയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടതോടെയാണ് യാത്ര കൊച്ചിയിലേക്ക് വഴിമാറിയത്.