എറണാകുളം: സംസ്ഥാനത്തും ഗള്‍ഫുനാടുകളിലും റമദാൻ വ്രതത്തിന് തുടക്കമായി. ആത്മ സംസ്കരണത്തിന്‍റെയും പുണ്യങ്ങളുടെയും കാലമായാണ് ഇസ്‌ലാം വിശ്വാസികള്‍ ഈ കാലയളവിനെ കാണുന്നത്.
എന്താണ് വ്രതം
പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന വ്രതാനുഷ്ഠാനം സൂര്യാസ്തമയത്തോടെയാണ് അവസാനിക്കുന്നത്. പകല്‍ സമയം മുഴുവൻ അന്നപാനിയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസി തന്‍റെ വാക്കും പ്രവൃത്തിയും മനസും മോശമായ പ്രവൃത്തികളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ മാത്രമേ റമദാൻ വ്രതം പൂര്‍ണമാവുകയുള്ളൂ. അറിഞ്ഞോ അറിയാതയോ ഒരാള്‍ ചെയ്ത തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ് അവയില്‍ നിന്നുള്ള പശ്ചാത്താപം കൂടിയാണ് റമദാൻ. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം അപ്പോള്‍ മാത്രമാണ് മുസ്‌ലിങ്ങളെ സംബന്ധിച്ചിടുത്തോളം വിശ്വാസം പൂര്‍ണമാവുകയുള്ളൂ.
റമദാൻ മാസം
ഹിജ്റ കലണ്ടര്‍ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. ഖുര്‍ആൻ അവതീര്‍ണമായത് ഈ മാസത്തിലാണ്. എന്നാല്‍ അത് ഏത് ദിവസമാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഖുര്‍ആൻ അവതീര്‍ണമായ രാത്രിയെ ആയിരം രാവുകളേക്കാള്‍ മഹത്വമുള്ളതായി ഖുര്‍ആൻ തന്നെ പരിചയപ്പെടുത്തുന്നു. ഈ ദിവസത്തെയാണ് ലൈലത്തുല്‍ ഖദ്‌ര്‍ അഥവ വിധി നിര്‍ണയത്തിന്‍റെ രാവ് എന്നറിയപ്പെടുന്നത്.
അതുക്കൊണ്ട് തന്നെ റമദാന്‍റെ രാത്രികളും പകല്‍ പോലെ വിശുദ്ധമായി വിശ്വാസികള്‍ കാണുന്നു. പകല്‍ അന്നപാനിയങ്ങളും മോശമായ വാക്കും ഉപേക്ഷിക്കുന്നതിന് തുല്യമായി എല്ലാ തിന്മകളില്‍ നിന്നും വിട്ടകന്ന് രാത്രികളില്‍ ഖുര്‍ആൻ പാരായണം വര്‍ധിപ്പിച്ചും കൂടുതല്‍ നമസ്കാരം നിര്‍വഹിച്ചും വിശ്വാസികള്‍ പള്ളികളില്‍ കഴിച്ചു കൂട്ടും. കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികള്‍ വീടുകള്‍ തന്നെ പള്ളികളാക്കി മാറ്റുകയായിരുന്നു. ഈ വര്‍ഷം പള്ളികള്‍ തുറന്നെങ്കിലും നിയന്ത്രണത്തോടെ മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചുണ്ട്.
മൂന്ന് പത്തുകള്‍
റമദാൻ മാസത്തെ മൂന്ന് ഘട്ടങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. ആദ്യ പത്തു ദിവസത്തെ ദൈവ കാരുണ്യത്തിന്‍റെ (റഹ്‌മ), രണ്ടാമത്തെ പത്ത് പാപമോചനത്തിന്‍റെ (മഗ്‌ഫിറ), ഏറ്റവും ഒടുവിലത്തെ പത്ത് നരകമുക്തിയുടെ ദിനങ്ങളായും വിശ്വാസികള്‍ കരുതുന്നു.
തറാവീഹ് നമസ്കാരം
ഇശാഅ് (രാത്രിയുള്ള) നമസ്കാരത്തിന് ശേഷം റമദാനില്‍ മുസ്‌ലിങ്ങൾ നടത്തിവരുന്ന ഒരു ഐച്ഛിക നമസ്കാരമാണ് തറാവീഹ്. ഇത് സംഘമായും ഒറ്റക്കും നിർവഹിക്കാറുണ്ട്. ദീർഘമായി ഖുർആൻ പാരായണം ചെയ്ത് രാത്രി ധാരാളം സമയമെടുത്തുമാണ് തറാവീഹ് നമസ്കാരം നിർവഹിക്കുന്നത്. രണ്ട് റകഅത്തുകൾ കഴിഞ്ഞ് അല്പം വിശ്രമമെടുക്കുന്നതിനാലാണ് തറാവീഹ് അഥവാ വിശ്രമ നമസ്കാരം എന്ന് പേരുവന്നത്.
സക്കാത്ത്
മുസ്‌ലിങ്ങളെ സംബന്ധിച്ചിടുത്തോളം വിശ്വാസം പൂര്‍ണമാവണമെങ്കില്‍ പ്രത്യയ ശാസ്ത്രം (ഇസ്‌ലാം കാര്യങ്ങള്‍), കര്‍മ പദ്ധതി (ഈമാൻ കാര്യങ്ങള്‍) എന്നിവ നിര്‍വഹിച്ചിരിക്കണം. പ്രത്യയ ശാസ്ത്രം ഇസ്‌ലാമിന്‍റെ പഞ്ചസ്തംഭങ്ങളായാണ് കാണുന്നത്. ഇതില്‍ നാലമത്തെ കാര്യമാണ് വ്രതാനുഷ്ഠാനം. മൂന്നാമത്തേതാണ് സക്കാത്ത്. ഒരാള്‍ തന്‍റെ സമ്പാദ്യത്തില്‍ നിന്നും നിശ്ചിത ശതമാനം മാറ്റി വയ്ക്കുകയും അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുകയുമാണ് സക്കാത്തിലൂടെ ചെയ്യുന്നത്. ഇത് ഒരു വിശ്വാസിയുടെ ഔദാര്യമല്ല, മറിച്ച് നിര്‍ബന്ധിത കര്‍മമാണ്. പുണ്യപ്രവൃത്തികള്‍ക്ക് കൂടുതല്‍ പ്രതിഫലം കിട്ടുന്ന സമയമായതുക്കൊണ്ട് വിശ്വാസികള്‍ സക്കാത്ത് നല്‍കാൻ റമദാൻ മാസമാണ് തെരഞ്ഞെടുക്കുന്നത്.
സക്കാത്ത് നല്‍കാനും സ്വീകരിക്കാനും ഇപ്പോള്‍ സംഘടനകളും പള്ളി ജമാഅത്തുകളും സംഘടിത സംവിധാനം കൊണ്ടു വന്നിട്ടുണ്ട്. ഇവയിലൂടെയാണ് വിശ്വാസികള്‍ ഒരു വര്‍ഷത്തെ വരുമാനം നോക്കി അതില്‍ നിന്നും നിശ്ചിതമായതും നിര്‍ണിതമായതുമായ ധനം മാറ്റി വയ്ക്കുന്നത്. നമസ്കാരം പോലെ സക്കാത്തും സംഘടിതമായി നിര്‍വഹിക്കണം എന്നാണ് ഇസ്‌ലാമിന്‍റെ നിര്‍ദേശം.
റമദാൻ മുപ്പത് പൂര്‍ത്തിയാവുന്നതോടെ പത്താമത്തെ മാസമായ ശവ്വാല്‍ മാസം ആരംഭിക്കുന്നു. ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍).