എറണാകുളം : സ്വർണക്കടത്ത് സംഘങ്ങൾക്ക് സംരക്ഷണമൊരുക്കുന്നത് ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയുമെന്ന് അർജുൻ ആയങ്കി പറഞ്ഞതായി കസ്റ്റംസ്.
കൊടുവള്ളി സംഘത്തിന്‍റെ ഭീഷണിയിൽ നിന്ന് ഇരുവരും തങ്ങളെ സംരക്ഷിക്കുമെന്ന് അർജുൻ പറഞ്ഞതായി കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി ഷെഫീഖ് വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസ് വിശദീകരിക്കുന്നത്.
എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണസംഘം ഇത് വ്യക്തമാക്കിയിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും മഞ്ചേരി സബ് ജയിലിൽ കഴിയവെ ചെർപ്പുളശ്ശേരി സംഘം തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഷെഫീഖ് മൊഴിനൽകി.
ഭീഷണിപ്പെടുത്തിയ ആളുടെ ഫോട്ടോ ഷെഫീഖ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിലെ കൊടുവള്ളിക്കാരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
Also Read: അര്‍ജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍
ജൂണ്‍ 21 ന് കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ മൂന്ന് സംഘങ്ങളാണ് എത്തിയിരുന്നത്. ഒരു സ്വർണക്കടത്ത് സംഘം മറ്റൊരു സംഘത്തിൽപെട്ടവരിൽ നിന്നും വിവരങ്ങൾ ചോർത്തുകയും, ക്രിമിനലുകളെ ഉപയോഗിച്ച് കാരിയർമാരെ ശാരീരികമായി ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയും ചെയ്‌ത സംഭവങ്ങളുമുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകലിനും, മർദനത്തിനും പൊലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരെന്ന് സംശയിച്ച് സാധാരണ യാത്രക്കാരെ സ്വർണം തട്ടിയെടുക്കുന്ന സംഘം തട്ടിക്കൊണ്ട് പോയതും ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവങ്ങളുമുണ്ട്.
യാത്രക്കാരുടെ ജീവന് ഭീഷണിയായി കരിപ്പൂർ വിമാനത്താവള പരിസരം കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഒന്നാം പ്രതി ഷെഫീഖിനെ എസിജെഎം കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.