എറണാകുളം: എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജനതാദൾ (എസ്) കേരള ഘടകം. കേരളത്തിൽ ജെഡിഎസ് എൽഡിഎഫിൽ തന്നെ തുടരുമെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. ദേശീയ അധ്യക്ഷന്‍റെ നിലപാട് സംസ്ഥാന നേതൃത്വം പാടെ തള്ളുന്നു. ജെഡിഎസ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതരത്വ സ്വഭാവമുള്ള പ്രസ്ഥാനമായി തുടരുമെന്നും സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മാത്യു ടി തോമസ് പറഞ്ഞു.
"ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല എന്ന തിരിച്ചറിവിലാണ് ജെഡിഎസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദേശീയ സമ്മേളനത്തിൽ സ്വീകരിച്ച നിലപാട് ബിജെപി വിരുദ്ധ കോൺഗ്രസ് ഇതര പാർട്ടികളെ യോജിപ്പിച്ച് മുന്നോട്ട് പോകണമെന്നാണ്. ഈ നയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷം കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കർണാടകയിലെ പരാജയത്തിന് ശേഷവും രണ്ട് പാർട്ടികൾക്കും എതിരായി മുന്നോട്ട് പോകണമെന്നാണ് ദേശീയ നേതൃത്വം തീരുമാനിച്ചത്.
എന്നാൽ ദേശീയ സമിതി യോഗം ചേരാതെയാണ് ബിജെപിയുമായി സഹകരിക്കുമെന്ന് ദേശീയ പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. ഇത് സംഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണന്ന് ഇന്നത്തെ യോഗത്തിൽ രാഷ്ട്രീയ പ്രമേയം പാസാക്കി. ബി ജെ പിയുമായി സഹകരിക്കാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിനൊപ്പം സംസ്ഥാന ഘടകമില്ല. നാല് പതിറ്റാണ്ടായി ഇടത് മുന്നണിക്ക് ഒപ്പമുള്ള ജെഡിഎസ് സംസ്ഥാന ഘടകം ഈ ബന്ധം അരക്കിട്ടുറപ്പിച്ച് മുന്നോട്ട് പോകും. മറ്റു സംസ്ഥാന ഘടകളുടെ നിലപാട് അറിയാൻ കേരളത്തിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി." -മാത്യു ടി തോമസ് വ്യക്തമാക്കി.
2006 ൽ ഇതേ പ്രതിസന്ധി നേരിട്ടിരുന്നു അന്ന് ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ സിപിഎം ഏതെങ്കിലും തരത്തിലുള്ള നിർദേശം നൽകിയിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി. പതിനൊന്നാം തീയതി വീണ്ടും സംസ്ഥാന സമിതി യോഗം ചേർന്ന് തീരുമാനങ്ങളെടുക്കും. എത്രയും പെട്ടന്ന് പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ ഘടകം എൻഡിഎയുടെ ഭാഗമായ സാഹചര്യത്തിൽ സംസ്ഥാന ഘടകം എന്ത് നിലപാട് സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാനാണ് കൊച്ചിയിൽ നേതൃയോഗം ചേർന്നത്.
നിലവിലെ പ്രതിസന്ധിയിൽ ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകുമെന്ന് മാത്യു ടി തോമസ് രാവിലെ പറഞ്ഞിരുന്നു. വിശദമായ ചർച്ച നടത്തി ഇക്കാര്യത്തിൽ സംസ്ഥാന നേതൃയോഗം തീരുമാനം എടുക്കും. പുതിയ പാർട്ടി രൂപീകരിക്കണോ, എന്തെങ്കിലും പാർട്ടിയുമായി ലയിക്കണോ എന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാൽ അത്തരം തീരുമാനങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നാണ് യോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം അറിയിച്ചത്.
ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎ മുന്നണിയുടെ ഭാഗമായതോടെ സംസ്ഥാന ഘടകം വലിയ പ്രതിസന്ധിയിലാണ് എത്തപ്പെട്ടത്. ബിജെപി മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് സംസ്ഥാനത്ത് ഇടത് മുന്നണിയിൽ തുടരാനാകില്ലെന്ന് ജെഡിഎസ് നേതൃത്വത്തെ സിപിഎം അറിയിച്ചിരുന്നു. ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും സിപിഎം അറിയിച്ചതായാണ് സൂചന. ഇതോടെയാണ് ജെഡിഎസ് സംസ്ഥാന ഘടകത്തിന്‍റെ ഭാവി തീരുമാനിക്കാൻ നേതൃയോഗം ചേർന്നത്.
Also Read: ജെ.ഡി.എസ് സംസ്ഥാനഘടകം പിരിച്ചുവിട്ടതിനെതിരെ പ്രമേയം പാസാക്കി സി.കെ നാണു വിഭാഗം
നിലവിൽ കേരളത്തിൽ ജെഡിഎസിന് രണ്ട് എംഎൽഎമാരാണുള്ളത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയും, മാത്യു ടി തോമസുമാണ് ഈ എംഎൽഎമാർ. ഇരുവരുടെയും സഭയിലെ അംഗത്വം നിലനിർത്തിയും ദേശീയ ഘടകവുമായുള്ള ബന്ധം വേർപ്പെടുത്തിയും എങ്ങിനെ മുന്നോട്ട് പോകാമെന്നതാണ് നിലവിൽ ജെഡിഎസ് സംസ്ഥാന ഘടകത്തിന്‍റെ മുന്നിലുള്ള ഭീഷണി.
മന്ത്രി കൃഷ്ണൻ കുട്ടി ഉൾപ്പടെ പ്രമുഖ നേതാക്കളെല്ലാം സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് നിന്നുള്ള ദേശീയ ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ പ്രസിഡന്‍റുമാർ, ജില്ലാ പ്രസിഡന്‍റുമാർ എന്നിവരും നേതൃയോഗത്തിൽ പങ്കെടുത്തു.