എറണാകുളം: കൊവിഡ് ചികിത്സയിലുള്ളവരുടെ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സർക്കാർ നടപടിയിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ ഇറക്കിയ ഉത്തരവിനെ അപ്രസക്തമാക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തതെന്നും കോടതി നിരീക്ഷിച്ചു.
Also Read: ജൂൺ 24 മുതൽ കൂടുതൽ ഇളവുകൾ; ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
അത്തരത്തിൽ ചെയ്യരുതായിരുന്നുവെന്നും സ്വകാര്യ ആശുപത്രികളുടെ ഇഷ്‌ടത്തിന് അനുസരിച്ച് എല്ലാം വിട്ട് കൊടുക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തരവിൽ അവ്യക്തതയുണ്ടെന്നും പുതിയ ഉത്തരവ് ഇറക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്‌ച കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവിൽ ജനറൽ വാർഡിലെയും തീവ്രപരിചരണ വാർഡുകളിലേയും നിരക്കാണ് സർക്കാർ നിശ്ചയിച്ചിരുന്നത്.
Also Read: "കുഴല്‍പ്പണക്കേസ് അന്വേഷണം എവിടെയെത്തി", രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ
സർക്കാർ നിശ്ചയിച്ച കൊവിഡ് ചികിത്സ നിരക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ മുറികളുടെ നിരക്ക് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടും കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ തീരുമാനമെന്ന വിമർശനത്തിനിടെയാണ് ഹൈക്കോടതിയിൽ നിന്നും സർക്കാരിന് തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.