എറണാകുളം: കാസർകോട് പടന്നയിൽ ചട്ടവിരുദ്ധമായി കോളജ് അനുവദിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി. കോളജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കോളജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.
പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്‌സ് ആൻഡ് സയൻസ് കോളജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്‍റെ അനുമതി ഇല്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ ഭരണാനുമതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്.
മാനദണ്ഡപ്രകാരം കോളജ് അനുവദിക്കാൻ വേണ്ട സ്ഥലം ടി.കെ.സിയ്ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അധികാരപരിധി മറികടന്നു പ്രവർത്തിച്ച സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ കോടതി നിശിത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തു.