എറണാകുളം: മദ്യശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ബെവ്‌ക്കോ ഔട്ട് ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത് കന്നുകാലികളോടെന്ന പോലെയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു.
കൊവിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധന മദ്യശാലകളിൽ ബാധകമല്ലേ. ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ എന്ത് കൊണ്ട് നിർബന്ധമാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കടകളിൽ പോകുന്നവർക്കുള്ള സമാന മാർഗ നിർദേശങ്ങൾ മദ്യശാലകളുടെ കാര്യത്തിലും ബാധകമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിഷയത്തിൽ സർക്കാർ ബുധനാഴ്‌ച മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Also Read: പൊതുമേഖല ബാങ്കുകളുടെ അറ്റാദായത്തിൽ വർധന
മദ്യശാലകളിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണം. നിബന്ധനകൾ കർശനമാക്കിയാൽ കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കാനാകുമെന്നും കോടതി പറഞ്ഞു. മദ്യം വാങ്ങണമെങ്കിൽ വാക്‌സിനെടുക്കണമെന്ന് വന്നാൽ കൂടുതൽ പേർ മുന്നോട്ട് വരുമെന്നും കോടതി വിലയിരുത്തി.
നാലു വർഷം മുമ്പ് തൃശൂരിലെ കുറുപ്പം റോഡിലെ ഒരു ബെവ്‌കോ ഔട്ട്ലെറ്റ് കാരണം തങ്ങളുടെ ബിസിനസ് നശിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഹിന്ദുസ്ഥാൻ പെയിന്‍റ്സ് ഹർജി നൽകിയിരുന്നു. തുടർന്ന് മദ്യവില്പന ശാലകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി വിധി വന്നെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാൻ പെയിന്‍റ്സ് നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.