എറണാകുളം: ഓൺലൈൻ ചൂതാട്ടത്തിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ. റമ്മി പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിരാട് കോലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നീ താരങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.
അഭിഭാഷകൻ പോളി വടക്കൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ഓൺലൈൻ റമ്മികളി സാമൂഹിക വിപത്തായി മാറുകയാണെന്നും യുവാക്കളെയാണ് ഇത് പ്രധാനമായും ആകർഷിക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ക്രിക്കറ്റ് താരങ്ങളിലൂടെയും സിനിമ താരങ്ങളിലൂടെയുമാണ് റമ്മി കളി പ്രചരിപ്പിക്കുന്നത്. ഓൺലൈൻ റമ്മി വഴി നിരവധി പേർക്ക് പണം നഷ്ട്മായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
വിഷയം ഗുരുതരമെന്ന് വിലയിരുത്തിയ കോടതി താരങ്ങൾക്ക് നോട്ടീസ് അയച്ചു. സർക്കാരിൽ നിന്നും വിശദീകരണം തേടാനും ഹൈക്കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്ലേഗെയിം 24x7, മൊബൈൽ പ്രീമിയർ ലീഗ് എന്നീ കമ്പനികൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദേശം നൽകി.