എറണാകുളം: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ സംരക്ഷണം കൃത്യമായി ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇരകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൽ വീഴ്‌ചകൾ വരുത്താൻ പാടില്ല. ലൈംഗികാതിക്രമ പരാതികൾ അറിയിക്കാനുള്ള 112 എന്ന ടോൾ ഫ്രീ നമ്പർ തുടർച്ചയായി പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
ലൈംഗികാതിക്രമം നേരിടുന്നവരുടെ അവസ്ഥ വേദനാജനകമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ചയും പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇര നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
ഹൈക്കോടതിയുടെ തന്നെ മുൻകാല ഉത്തരവ് പ്രകാരം ലൈംഗികാതിക്രമ സംഭവങ്ങളടക്കം പരാതിപ്പെടാനുള്ള 112 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജി പരിഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ടോൾ ഫ്രീ നമ്പർ തുടർച്ചയായി പരസ്യപ്പെടുത്തി പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കൂടാതെ, പരാതിക്കാർക്ക് വേണ്ട മാനസിക പിന്തുണയും ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
ടോൾ ഫ്രീ നമ്പർ 112ലേക്കോ, പൊലീസ് കൺട്രോൾ റൂം നമ്പരായ 100ലേക്കോ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി അറിയിക്കാം. വിവരം ലഭിച്ചാലുടൻ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും വേഗം നടപടികൾ ആരംഭിക്കണം. ഇര പറയുന്ന സ്ഥലത്ത്, അവരുടെ ബന്ധുക്കളുടെയോ മറ്റോ സാന്നിധ്യത്തിലെ മൊഴി എടുക്കാവൂ. യാതൊരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുത്. ഇത്തരം നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടാകരുതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
ലൈംഗികാതിക്രമത്തിനിരയായി ശാരീരികമായും മാനസികമായും തകർന്നവർ, അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ നേരിടേണ്ടി വരുന്ന പരിഹാസങ്ങൾ ഇവയൊക്കെ വേദനാജനകമാണെന്നും ഉത്തരവിൽ ഹൈക്കോടതി പ്രത്യേകം പരാമർശിച്ചു.