എറണാകുളം: ഇതര സംസ്ഥാന ലോട്ടറികൾ നിയന്ത്രിക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതര സംസ്ഥാന ലോട്ടറികളുടെ നിയന്ത്രണത്തിന് കേന്ദ്രസർക്കാരിനാണ് അധികാരം എന്നും സംസ്ഥാന സർക്കാർ ഇടപെടരുതെന്നും വ്യക്തമാക്കി സിംഗിൾ ബെഞ്ച് നേരത്തെ വിധി പറഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കുര്യൻ തോമസ്, എസ്.വി ഭാരതി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
Read more: ലോട്ടറി തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍
നേരത്തെ കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് സൊലൂഷൻസ് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിൻ്റെ നിയമഭേദഗതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. നികുതി വെട്ടിച്ച് ലോട്ടറി വിൽപന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വർഷങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തിൽ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു.