എറണാകുളം : മൊബൈൽ ഫോണിൽ (Mobile Phone) സ്വകാര്യമായി അശ്ലീല വീഡിയോ (Obscene Video) കാണുന്നത് നിയമപരമായി കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി (High Court). അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് തെറ്റെന്നും കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസെടുത്ത കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം (Kerala High Court On Porn Video).
ഡിജിറ്റൽ യുഗത്തിൽ ഇത്തരം അശ്ലീല വീഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ മൊബൈൽ ഫോണിലൂടെ അശ്ലീല വീഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നും ജസ്‌റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കൊച്ചുകുട്ടികൾക്ക് മൊബൈൽഫോൺ സമ്മാനമായി നൽകുമ്പോൾ മാതാപിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സദുദ്ദേശത്തോടെ നൽകുന്ന മൊബൈൽഫോൺ വഴി അശ്ശീല വീഡിയോകൾ കുട്ടികൾ കാണാനിടയാകുമെന്നും കോടതി ഓർമിപ്പിച്ചു. 2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തത്. ഈ കേസിൽ മജിസ്ട്രേറ്റ് കോടതിയിലുള്ള തുടർനടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
അടുത്തിടെ ഉത്തര്‍പ്രദേശിലെ സരോജിനി നഗറില്‍ യുവാവുമായി പ്രണയം നടിച്ച് അശ്ലീല വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രയാഗ്‌രാജ് സ്വദേശിയായ എഞ്ചിനീയറാണ് പരാതിയുമായി സരോജിനി നഗര്‍ പൊലീസിനെ സമീപിച്ചത്. വീഡിയോ കാണിച്ച് 10 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നും പണം നല്‍കില്ലെന്ന് അറിയിച്ചതോടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് പരാതിയില്‍ അറിയിച്ചു.
പ്രയാഗ് രാജ് സ്വദേശിയായ യുവാവ് സരോജിനി നഗറിലെ ഒരു കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്‌തുവരികയായിരുന്നു. കമ്പനിയുടെ സമീപത്തായുള്ള ഒരു വാടക വീട്ടിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. ഏറെക്കാലമായി യുവാവ് ഈ വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. വാടക വീടിന്‍റെ മറ്റൊരു നിലയിലാണ് കുറ്റാരോപിതയായ യുവതിയും താമസിച്ചിരുന്നത്.
ദിവസവും തമ്മില്‍ കാണുന്ന ഇരുവരും വളരെ പെട്ടെന്ന് സൗഹൃദത്തിലായി. വാട്‌സ്‌ആപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും സംസാരിച്ച യുവതി യുവാവുമായി പ്രണയം നടിച്ചു. ഇതോടെ യുവതിയ്‌ക്ക് തന്നോട് പ്രണയമാണെന്ന് യുവാവും വിശ്വസിച്ചു. പ്രണയം നടിച്ചതിന് പിന്നാലെ യുവതി യുവാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത്രയും തുക കൈവശമില്ലാത്തതുകൊണ്ട് ഇയാള്‍ പണമില്ലെന്ന് അറിയിച്ചു. ഇതോടെ യുവതി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌ത ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇത് പ്രചരിപ്പിക്കുകയുമായിരുന്നു.