എറണാകുളം : ലൈംഗിക ബന്ധത്തിലേർപ്പെട്ടശേഷം മറ്റൊരു വിവാഹം കഴിച്ചുവെന്നത് കൊണ്ടു മാത്രം വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഇടുക്കി സ്വദേശിക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹം കഴിക്കില്ലെന്ന വസ്‌തുത മറച്ചുവെച്ച് സ്ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയോ, ലൈംഗിക കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തെ വ്യാജ വിവാഹ വാഗ്‌ദാനം നൽകി സ്വാധീനിക്കുകയോ ചെയ്‌താലേ പ്രതിക്കെതിരെ അത്തരമൊരു കേസ് നിലനിൽക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
2014 ഏപ്രിലിൽ ഇടുക്കി സ്വദേശി ബന്ധുവായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി മൂന്നു തവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനുശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച പ്രതി മൂന്നുദിവസം കഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു. ഇയാൾ വ്യാജ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ALSO READ:കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവര്‍ക്ക് എക്‌സൈസ് നഷ്‌ടപരിഹാരം നല്‍കണം: ഹൈക്കോടതി
എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാനാവില്ലന്ന് കോടതി വിലയിരുത്തി. യുവതിയെ പ്രതി കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നെന്നും വീട്ടുകാരുടെ എതിർപ്പുമൂലം വാഗ്‌ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്.
യുവതിയുടെ അനുമതിയില്ലാതെയാണ് ശാരീരിക ബന്ധം പുലർത്തിയതെന്ന് തെളിവില്ല. പ്രതി വ്യാജ വിവാഹ വാഗ്‌ദാനം നൽകിയെന്നോ വസ്‌തുതകൾ മറച്ചുവെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നോ പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഈയൊരു സാഹചര്യത്തിൽ സംശയത്തിന്‍റെ ആനുകൂല്യം നൽകി പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.