എറണാകുളം : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി.
ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പൊതുമാനദണ്ഡം സാധ്യമല്ല. കേസിന്‍റെ വസ്‌തുതകൾ പരിഗണിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ റദ്ദാക്കുന്നതിലാണ്, ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം. ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം കേസുകൾ റദ്ദാക്കപ്പെടുമ്പോൾ, ചില ഘടകങ്ങൾ പരിശോധിക്കപ്പെടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിന്‍റെ സ്വഭാവം, കുറ്റകൃത്യം സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം ഇരയ്‌ക്കേറ്റ പരിക്കിന്‍റെ രീതി, എന്നിവ പരിഗണിക്കണം. ഇര ഒത്തുതീർപ്പില്‍ എത്തിയെന്നതിന്‍റെ യാഥാർഥ്യം എന്നിവയും പരിശോധിക്കേണ്ടതുണ്ട്.
എന്നാൽ, കുറ്റകൃത്യം അതിക്രൂരമാണെങ്കിൽ ഒത്തുതീർപ്പിന്‍റെ പേരിൽ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
'ഇരയുടെ ക്ഷേമം കണക്കിലെടുക്കണം': കേസ് റദ്ദാക്കലുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് കോടതി നിരീക്ഷണം. എന്നാൽ, ഇത്തരം കേസുകൾ റദ്ദാക്കപ്പെടുന്നതിനെ സർക്കാർ തുറന്ന് എതിർക്കുകയും ചെയ്‌തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാവില്ല. ഒത്തുതീർപ്പ് വ്യവസ്ഥയിൽ കേസ് തന്നെ റദ്ദാക്കപ്പെടുന്നത് കുറ്റകൃത്യം നിയപരമാക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇരയുടെ ക്ഷേമം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ പൊതുമാനദണ്ഡം സാധ്യമാകില്ലെങ്കിലും ഓരോ കേസിന്‍റേയും വസ്‌തുതകൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതിയെടുത്ത നിലപാട്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസുകളിൽ പിന്നീട് ഇരയും കുറ്റാരോപിതനും തമ്മിൽ വിവാഹം കഴിഞ്ഞാൽ കേസ് നടപടികൾ അവരുടെ കുടുംബ ജീവിതത്തെ ബാധിക്കില്ലേയെന്നും കോടതി നിരീക്ഷിച്ചു.
15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി : സഹോദരന്‍റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. ഗര്‍ഭധാരണം കുട്ടിക്ക് അപകടമുണ്ടാക്കിയേക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. കൗമാരക്കാരിയെ പരിശോധിക്കാൻ വേണ്ടി പ്രത്യേകം രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി നടപടി സ്വീകരിച്ചത്.
READ MORE | 'സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ 15കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താം' ; അനുമതി നല്‍കി ഹൈക്കോടതി
32 ആഴ്‌ചയിൽ കൂടുതൽ കൗമാരക്കാരി ഗർഭം തുടരുന്നത് സാമൂഹിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ എഎ നിരീക്ഷിച്ചു. 'വസ്‌തുത കണക്കിലെടുക്കുമ്പോൾ, സ്വന്തം സഹോദരനിൽ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. ഇത് സാമൂഹികവും വൈദ്യശാസ്‌ത്രപരവുമായ സങ്കീർണതകൾ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഗർഭച്ഛിദ്രം നടത്താന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുമ്പോള്‍ അനുമതി നല്‍കേണ്ടത് അനിവാര്യമാണ്' - ജസ്റ്റിസ് വ്യക്തമാക്കി.
ഗര്‍ഭച്ഛിദ്രത്തിന് കുട്ടിയുടെ ആരോഗ്യാവസ്ഥ തൃപ്‌തികരം : 'മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചപ്പോൾ, ഗർഭം അലസിപ്പിക്കാന്‍ കുട്ടി ശാരീരികമായും മാനസികമായും തൃപ്‌തയാണെന്ന് വ്യക്തമായിട്ടുണ്ട്. ഗർഭം തുടരുന്നത് കുട്ടിയെ സാമൂഹികമായും മാനസികമായും ആരോഗ്യപരമായും ആഘാതമേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്' - കോടതി നിരീക്ഷിച്ചു.