എറണാകുളം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. ആശുപത്രികളിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോർട്ടം വൈകിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അസ്വാഭാവിക മരണങ്ങളിൽ ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിക്കണമെന്നും കോടതി ഉത്തരവ് നൽകി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ 6 മാസത്തിനകം രാത്രികാല പോസ്റ്റ്‌മോർട്ടത്തിനായി സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 2015 ൽ ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിട്ടും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകാതിരുന്നത് ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്‌റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്.
ALSO READ പഴന്തുണിയിൽ ഒന്നാന്തരം ചവിട്ടി; ജാനുവമ്മ നെയ്തെടുക്കുന്നത് ജീവിതം
രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ സ്വീകാര്യമല്ല. സര്‍ക്കാരിന്‍റെ സാമ്പത്തിക പരിമിതികള്‍ കൂടി കണക്കിലെടുത്ത് ഫോറന്‍സിക് സര്‍ജന്‍മാര്‍ സഹകരിക്കണം. ആശുപത്രികളിലെ സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോർട്ടം വൈകിക്കാനാകില്ലെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.
ഇതു കൂടാതെ അസ്വാഭാവിക മരണങ്ങളിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം. മാത്രവുമല്ല മൃതദേഹം വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെലവ് സർക്കാർ വഹിക്കുകയും വേണം. സമയപരിധി തീരുമാനിക്കാന്‍ ആറുമാസത്തിനകം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കേരള മെഡിക്കൽ ലീഗോ സൊസൈറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ALSO READ ഒമിക്രോണ്‍ വകഭേദം തടയാന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍