കൊച്ചി: സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആലുവ - പെരുമ്പാവൂർ സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് അറിയിച്ച കോടതി അറ്റകുറ്റപ്പണി ചുമതലയുള്ള എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. റോഡ് തകർച്ചയിൽ വിശദീകരണം നൽകിയില്ലെങ്കിൽ ജില്ല കലക്‌ടറെയും വിളിച്ചുവരുത്തുമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.
അതേസമയം, കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം വീണ് പരിക്കേറ്റതു കൊണ്ട് മാത്രമല്ലെന്നും കുഞ്ഞിമുഹമ്മദിന് ഷുഗർ ലെവൽ കുറവായിരുന്നുവെന്ന് മകൻ വെളിപ്പെടുത്തിയതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെ ന്യായീകരിക്കാനുള്ള സർക്കാർ അഭിഭാഷകന്‍റെ ശ്രമത്തെയും ഹൈക്കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തിൽ മരിച്ചയാളെ ഇനിയും അപമാനിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി എത്ര പേർ മരിച്ചാലാണ് റോഡുകൾ നന്നാക്കുകയെന്ന് സര്‍ക്കാരിനോട് മറുചോദ്യവും ഉയർത്തി.
"പൊതുമരാമത്ത് വകുപ്പിന് എന്തിനാണ് എഞ്ചിനീയർമാർ?. കുഴി കണ്ടാൽ എന്തുകൊണ്ട് ഉടൻ അടയ്‌ക്കുന്നില്ല" എന്നും കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ചു. ദേശീയ പാതയിലെ കുഴികളിൽ വീണ് അപകടമുണ്ടായ സംഭവത്തിൽ നടപടികൾ ഒറ്റദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി സർക്കാരിനെ ഓര്‍മിപ്പിച്ചു. അതേസമയം, റോഡിന്‍റെ അറ്റകുറ്റപ്പണി ചുമതലയുള്ള എഞ്ചിനീയർ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട ഹർജിയും, ബന്ധപ്പെട്ട വിവിധ ഹർജികളും ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. 19 ന് വിശദീകരണം നൽകിയില്ലെങ്കിൽ ജില്ല കലക്‌ടറെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ ആലുവ - പെരുമ്പാവൂർ റോഡ് തകർന്നതിൽ നടപടികൾ ആരംഭിച്ചതായിട്ടാണ് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചിട്ടുള്ളത്.