എറണാകുളം : കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണം. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ പറഞ്ഞു.
HighCourt Criticises PWD Engineers : റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണ്. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായെന്നും കോടതി വിമർശിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.
Also Read: കൊളാവി പാലം വീണ്ടും 'ഗര്‍ഭം ധരിക്കുന്നു' ; ഒരായിരം കടലാമ കുഞ്ഞുങ്ങള്‍ക്കായി
റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചു. എന്നാൽ ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി പുതിയ ആശയങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. റോഡുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.