എറണാകുളം: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ റിജി ജോണിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിയമനം എന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. യുജിസി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസിയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിയമനം എന്നാരോപിച്ച് വി സി നിയമനത്തിനായുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ട എറണാകുളം കടവന്ത്ര സ്വദേശി ഡോ.കെ കെ വിജയൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സെർച്ച് കമ്മിറ്റി ഐക്യകണ്‌ഠമായി റിജി ജോണിന്‍റെ പേര് നിർദേശിച്ചത് സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെർച്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്യണം സുപ്രീം കോടതിയിൽ പോകാൻ അവസരം നൽകണം എന്നുമുള്ള റിജി ജോണിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി നിരസിച്ചു.
സെർച്ച് കമ്മിറ്റി ഒറ്റ പേരായിരുന്നു വി സി നിയമനത്തിനായി ഗവർണർക്ക് നൽകിയതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കൽ നോട്ടിസ് നൽകിയ വിസിമാരിലൊരാളായ ഡോ.കെ റിജി ജോണിന്‍റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ഡിവിഷൻ ബെഞ്ചിന്‍റെ വിധി കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച മറ്റു വിസിമാരുടെ കാര്യത്തിലും ഏറെ നിർണായകമാണ്. കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടാത്തതായതിനാല്‍ യുജിസി മാനദണ്ഡം ബാധകമല്ലെന്നായിരുന്നു സർക്കാർ വാദം.
2021 ജനുവരി 23 നാണ് കുഫോസ് ഡീൻ ആയിരുന്ന റിജി ജോണിനെ സർവകലാശാല വിസിയായി നിയമിച്ചത്. പ്രൊഫസർ തസ്‌തികയില്‍ 10 വർഷം പ്രവർത്തിപരിചയം വേണമെന്നിരിക്കെ മൂന്ന് വർഷ ഗവേഷണ കാലയളവ് കൂടി ഉൾപ്പെടുത്തിയായിരുന്നു അപേക്ഷ നൽകിയത് എന്നതും ഹർജിക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.