കൊച്ചി : 8 മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. ശ്വസന വൈകല്യവും, നാഡീ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും കാരണം 70 ശതമാനം ജീവിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത് (Kerala High Court Allowed Abortion In Eighth Month Of Pregnancy). എറണാകുളം സ്വദേശികളായ ദമ്പതികൾക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.
അമ്മ വിഷാദ രോഗം നേരിടുന്നതും, അവരുടെ മാനസികാരോഗ്യവും കൂടി കണക്കിലെടുത്തുകൊണ്ടാണ് നടപടി. അസാധാരണ ഘട്ടങ്ങളിൽ 24 ആഴ്ച വരെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ മാത്രമാണ് നിയമം അനുവദിക്കുന്നത്. ഇതിനെ തുടർന്നാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയില്‍ മെഡിക്കൽ ബോർഡ് റിപ്പോർട്ടും (Medical Board Report) കോടതി പരിഗണിച്ചു. 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന് 1.5 കിലോ ഗ്രാം ഭാരമുണ്ട്. 70 ശതമാനം മാത്രമാണ് കുഞ്ഞ് ജീവിക്കാൻ സാധ്യതയുള്ളതെന്നും, അമ്മയുടെ മാനസികാവസ്ഥ സംബന്ധിച്ചും മെഡിക്കൽ ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുന്ന വേളയിൽ ജീവനുണ്ടെങ്കിൽ ആവശ്യമായ എല്ലാ പരിചരണവും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran) ഉത്തരവിട്ടു. ഇതിനുപുറമെ എറണാകുളം മെഡിക്കൽ കോളജിലെ (Ernakulam Medical College) വിദഗ്‌ധ സംഘം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകണമെന്നും, നടപടി റിപ്പോർട്ട് പിന്നീട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.