കൊച്ചി: ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് തേടി കേരളാ ഹൈക്കോടതി. മൂന്നാഴ്‌ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ നഗ്നചിത്രങ്ങളുടെ വ്യാപനവും തീവ്രവാദവും മുന്‍നിര്‍ത്തി ബാംഗ്ലൂരിലെ നിയമവിദ്യാര്‍ഥിയായ അഥീന സോളമനാണ് ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അപരിചിത സന്ദേശങ്ങൾ അയക്കാന്‍ സാധിക്കുന്നതിലൂടെ സ്‌ത്രീകളുടെയും കുട്ടികളുടെയും അശ്‌ളീല ചിത്രങ്ങൾ ടെലഗ്രാമിലൂടെ പ്രചരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. യാതൊരുവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമില്ലാത്ത സമൂഹമാധ്യമമാണ് ടെലഗ്രാമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
വാട്‌സ്‌ആപ്പ്, ഫേസ്‌ബുക്ക് മുതലായ സമൂഹമാധ്യങ്ങൾ പോലെ ഇന്ത്യയില്‍ ടെലഗ്രാമിന് നോഡല്‍ ഓഫീസറോ ഒരു രജിസ്റ്റേഡ് ഓഫീസോ നിലവിലില്ല. 2013ല്‍ റഷ്യയില്‍ വികസിപ്പിച്ചെടുത്ത ആപ്പാണ് ടെലഗ്രാം. തീവ്രവാദികളും മറ്റ് കുറ്റവാളികളും സ്വതന്ത്ര ആശയവിനിമയോപാധിയെന്ന നിലയില്‍ ടെലഗ്രാം ഉപയോഗിക്കുന്നത് മുന്‍നിര്‍ത്തി 2018 ഏപ്രിലില്‍ റഷ്യ ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തീവ്രവാദത്തെ സഹായിക്കുന്നുവെന്ന കാരണത്താല്‍ ഇന്തോനേഷ്യയിലും ടെലഗ്രാം നിരോധിച്ചിരുന്നു.
സമാനക്കേസില്‍ സുപ്രീംകോടതിയും കേന്ദ്രത്തിന്‍റെ നിലപാട് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതായും അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ അറിയിച്ചു.