എറണാകുളം : ബലാത്സംഗ കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് മുൻകൂർ ജാമ്യമില്ല. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി (High Court rejected the anticipatory bail plea of p g manu) ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി, ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി അറിയിച്ചു.
എറണാകുളം സ്വദേശിനിയായ 25 കാരിയാണ് കേസിൽ മുൻ സർക്കാർ അഭിഭാഷകനായ പി ജി മനുവിനെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്‌തത്. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ബെഞ്ചാണ് തള്ളിയത്. അതിജീവിതയുടെ മാനസിക, ശാരീരികാവസ്ഥ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് സർക്കാരും കേസ് ഡയറി അന്വേഷണ സംഘവും ഹാജരാക്കിയിരുന്നു.
ഇതടക്കം പരിശോധിച്ചു കൊണ്ടാണ് മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെ മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തന്‍റെ പ്രൊഫഷണൽ കരിയർ തകർക്കുകയെന്ന ഉദ്ദേശത്തോടു കൂടി കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു ഹർജിയിൽ പി ജി മനുവിന്‍റെ വാദം.
അന്വേഷണവുമായി സഹകരിക്കാം മുൻകൂർ ജാമ്യം വേണമെന്നുമായിരുന്നു മനുവിന്‍റെ ആവശ്യം. പീഡിപ്പിക്കപ്പെട്ട പെൺക്കുട്ടിയെ മനു കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാനായി കടവന്ത്രയിലെ വക്കീലോഫിസിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തുവെന്നായിരുന്നു പരാതി. സംഭവത്തിൽ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും ആരോപണമുണ്ടായിരുന്നു.
പരാതിയിൽ ചോറ്റാനിക്കര പൊലീസ് കേസെടുത്തതിനു പിന്നാലെയായിരുന്നു സർക്കാർ അഭിഭാഷക സ്ഥാനത്തു നിന്നും പി ജി മനുവിനെ നീക്കം ചെയ്‌തത്. ബലാത്സംഗം പീഡനശ്രമം ഐ ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
Also read : മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനുവിനെതിരായ പീഡനക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം