കൊച്ചി : മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പടുത്തിയ സംപ്രേഷണ നിരോധനനടപടി കേരള ഹൈക്കോടതി ഒരു ദിവസത്തേക്ക് കൂടി മരവിപ്പിച്ചു. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് എന്‍ നഗരേഷിന്‍റേതാണ് നടപടി. കേന്ദ്ര തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസ്റ്റ് യൂണിയനും കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഫെബ്രുവരി എട്ട് ചൊവ്വാഴ്‌ച വിധി പറയുമെന്നും കോടതി അറിയിച്ചു.
അതിനിടെ ഒരിക്കൽ നൽകിയ സുരക്ഷാ ക്ലിയറൻസ് എന്നെന്നേക്കുമായി തുടരാനാകില്ലെന്ന് തിങ്കളാഴ്ചത്തെ വാദത്തിനിടെ കേന്ദ്രം വിശദീകരിച്ചിരുന്നു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വി മനു കോടതിയില്‍ മീണിയ വണ്ണിന്‍റെ വാദങ്ങളെ എതിര്‍ത്തു. അതേസമയം കേന്ദ്ര സർക്കാരും കമ്പനിയും തമ്മിലാണ് പ്രശ്‌നമെന്നാണ് തൊഴിലാളി യൂണിയനും ജീവനക്കാരും കോടതിയെ അറിയിച്ചത്.
ജീവനക്കാരുടെയും ട്രേഡ് യൂണിയന്റെയും ഹർജികൾ നിലനിൽക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ഇന്റലിജൻസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരിലുമാണ് മീഡിയ വണ്ണിന് ക്ലിയറൻസ് നിഷേധിച്ചതെന്നാണ് കേന്ദ്രത്തിന്‍റെ വാദം.
Also Read: മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
പുതിയ അനുമതി/ലൈസൻസിനായി എംഎച്ച്എ ക്ലിയറൻസ് മാത്രമേ ആവശ്യമുള്ളൂവെന്നും പുതുക്കുന്ന സമയത്ത് ഇത് വേണ്ടെന്നും മീഡിയ വണ്‍ വാദിച്ചു. അപ്‌ലിങ്കിംഗ്, ഡൗൺലിങ്കിംഗ് മാർഗനിർദേശങ്ങള്‍ അനുസരിച്ച് പുതിയ അനുമതിക്കായി അപേക്ഷിക്കുന്ന സമയത്ത് മാത്രമേ സുരക്ഷ ക്ലിയറൻസ് ആവശ്യമുള്ളൂ. നിരവധി തൊഴിലാളികളുടെ അതിജീവനത്തിന്‍റെ കൂടി പ്രശ്നമാണിതെന്നും സ്ഥാപനം ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയില്‍ അറിയിച്ചു.
ജനുവരി 31-നാണ് ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം വിലക്കിയത്. അതേസമയം മണിക്കൂറുകൾക്കുള്ളിൽ ചാനൽ ഹൈക്കോടതിയിൽ ഉത്തരവ് ചോദ്യം ചെയ്തു. ഇതോടെ ഉത്തരവ് രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി രണ്ടിന് ഇടക്കാല സ്റ്റേ ഫെബ്രുവരി ഏഴ് വരെ നീട്ടി. തങ്ങളുടെ പ്രവർത്തനങ്ങളിൽ ഇത്തരമൊരു നടപടി ആവശ്യപ്പെടുന്ന ഒരു ദേശവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ചാനൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചാനല്‍ ഇത്തരമൊരു നടപടി നേരിടുന്നത് ഇതാദ്യമല്ല. 2020-ൽ ഡൽഹിയിൽ നടന്ന വർഗീയ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിനൊപ്പം 48 മണിക്കൂർ നേരത്തേക്ക് സംപ്രേഷണം സസ്‌പെൻഡ് ചെയ്തിരുന്നു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ ഉയർത്തിക്കാട്ടുന്ന തരത്തിൽ കലാപം റിപ്പോർട്ട് ചെയ്തുവെന്നാണ് അന്ന് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്.