എറണാകുളം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന്‍റെ നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്‍റെ ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയ്‌ക്ക് മുൻപാകെ സമർപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജപ്‌തി നടപടികൾ.
ആകെ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുക്കൾ: 126 പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. ജില്ലയിലെ ജപ്‌തി നടപടികൾക്കിടെയുണ്ടായ തർക്കങ്ങളിൽ നിജസ്ഥിതി പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെമ്പാടും 248 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അഞ്ച്, കൊല്ലം ഒന്ന്, പത്തനംതിട്ട, എറണാകുളം, കാസർകോട് എന്നിവിടങ്ങളില്‍ ആറ്, തൃശൂർ 18, പാലക്കാട് 23, കോഴിക്കോട് 22, വയനാട് 11, കണ്ണൂർ എട്ട് എന്നിങ്ങനെയാണ് ഈ കണക്ക്.
ALSO READ| പിഎഫ്‌ഐ ഹര്‍ത്താല്‍ നാശനഷ്‌ടം: ലീഗ് വാര്‍ഡ് മെമ്പറുടെ വീടും സ്ഥലവും കണ്ടുകെട്ടിയതായി പരാതി
പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ സത്താറിന്‍റെ സ്വത്തുക്കൾ മാത്രമാണ് കൊല്ലത്ത് ജപ്‌തി ചെയ്‌തത്. ഹൈക്കോടതി കഴിഞ്ഞ ആഴ്‌ച അന്ത്യശാസനം നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്വത്ത് കണ്ടുകെട്ടല്‍ നടപടികൾ. പിഎഫ്‌ഐ മിന്നൽ ഹർത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച വകയിൽ 5.2 കോടി നഷ്‌ടപരിഹാരം ഈടാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.